ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ നേട്ടത്തോടെ വോട്ട് വിഹിതം വര്‍ധിപ്പിച്ച് ബിജെപി

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിലെ നേട്ടത്തോടെ വോട്ട് വിഹിതം വര്‍ധിപ്പിച്ച് ബിജെപി. 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 15.6ശതമാനമായിരുന്നു ബിജെപിയുടെ കേരളത്തിലെ വോട്ട് വിഹിതം. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇത് 12.51 ശതമാനമായിരുന്നു. ഇത്തവണ അതുയര്‍ന്ന് 19.2 ശതമാനത്തിലേക്കെത്തി. കേരളത്തിലെ ഇരുപത് മണ്ഡലങ്ങളില്‍ നിന്നുള്ള 1,99,80,436 വോട്ടുകളില്‍ 38,37,003 വോട്ടുകളാണ് എന്‍ഡിഎ സ്വന്തമാക്കിയത്. 2019ല്‍ 15.6 ശതമാനം വോട്ട് വിഹിതം ലോക്‌സഭാ തെരഞ്ഞെടുപ്പോടെ നേടിയെങ്കിലും 2021ല്‍ ഈ നേട്ടം വര്‍ധിപ്പിക്കാനോ നിലനില്‍ത്താനോ സാധിക്കാതെ 12 ലേക്ക് കുറയുകയായിരുന്നു.

 2019ല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 31,71,798ഉം 2021ല്‍ 26,06,948ഉം വോട്ടുകളാണ് എന്‍ഡിഎ നേടിയത്. ബിജെപി മികച്ച പ്രകടനം ഇത്തവണ കാഴ്ചവച്ച തിരുവനന്തപുരത്തും ആറ്റിങ്ങലിലും വോട്ട് വിഹിതം ഇക്കുറി വര്‍ധിച്ചു. 2019ല്‍ തിരുവനന്തപുരത്ത് 31.29 ആയിരുന്നു വോട്ട് വിഹിതം. ഇത്തവണ അത് 35.5 ശതമാനമായി. അതേസമയം ആറ്റിങ്ങലില്‍ 25.5 ശതമാനമായിരുന്നത് 31.64 ആയാണ് വര്‍ധിച്ചത്. പത്തനംതിട്ടയില്‍ 25.49 ശതമാനം, ആലപ്പുഴയില്‍ 28.3 ശതമാനം, പാലക്കാട് 24.3 ശതമാനം എന്നിങ്ങനെയാണ് മറ്റുമണ്ഡലങ്ങളിലെ മുന്നണി വോട്ട് വിഹിതം. മലപ്പുറത്തും വടകരയിലും മാത്രമാണ് പത്തില്‍ താഴേക്ക് വോട്ട് വിഹിതം കുറഞ്ഞത്. 9.97, 7.86 എന്നിങ്ങനയൊണ് യഥാക്രമം.

അതേസമയം 2019നെ അപേക്ഷിച്ച് മലപ്പുറത്ത് ഇത്തവണ വോട്ട് വിഹിതം കുറഞ്ഞപ്പോള്‍ വടകരയില്‍ കൂടുകയാണ് ചെയ്തത്. കേരളത്തില്‍ താമര വിരിയിക്കുമെന്ന് ആവര്‍ത്തിച്ചുകൊണ്ടിരുന്ന എന്‍ഡിഎ നേതൃത്വത്തിന് സുരേഷ് ഗോപിയിലൂടെ തൃശൂര്‍ കിട്ടിയത് വന്‍ കച്ചിത്തുരുമ്പാണ്. കേരളത്തില്‍ ബിജെപിയുടെ വേരുകള്‍ ഊട്ടിയുറപ്പിക്കാന്‍ തൃശൂരിലൂടെ നേതൃത്വം പരമാവധി ശ്രമിക്കും.

Be the first to comment

Leave a Reply

Your email address will not be published.


*