കർഷക കരുത്തിൽ പഞ്ചാബ് ; സംപൂജ്യരായി ബി.ജെ.പി, കോൺഗ്രസ് മുന്നേറ്റം

കർഷക പ്രക്ഷോഭം ശക്തമായ പഞ്ചാബിൽ നിലം തൊടാനാകാതെ ബിജെപി. കരുത്ത് കാട്ടി കോൺഗ്രസും ആം ആദ്മി പാർട്ടിയും. ഏഴിടത്ത് കോൺഗ്രസും മൂന്നിടത്ത് ആം ആദ്മി പാർട്ടിയും ലീഡ് ചെയ്യുന്നു. ഒരിടത്ത് ശിരോമണി അകാലിദളും രണ്ടിടത്ത് സ്വതന്ത്രരുമാണ് മുന്നിൽ. ജലന്ധറിൽ കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ചരൺജിത് സിങ് ഛന്നി വിജയമുറപ്പിച്ചു. കഴിഞ്ഞ തവണ എട്ട് സീറ്റാണ് കോൺഗ്രസ് നേടിയിരുന്നത്. ബി.ജെ.പിയും എൻ.ഡി.എയു​ടെ ഭാഗമായിരുന്ന ശിരോമണി അകാലിദളും രണ്ട് വീതം സീറ്റ് നേടിയിരുന്നു. ഒരു സീറ്റ് ആം ആദ്മി പാർട്ടിക്കും ലഭിച്ചു. ഇത്തവണ നാല് പാർട്ടികളും തനിച്ചാണ് മത്സരിക്കുന്നത്.

ഖാദൂര്‍ സാഹിബ് മണ്ഡലത്തിൽ ഖലിസ്ഥാന്‍ നേതാവ് അമൃത്പാൽ സിങ്ങാണ് മുന്നിൽ. അസമിലെ ജയിലില്‍ കഴിയുന്ന അമൃത്പാല്‍ സ്വതന്ത്രനായിട്ടാണ് മത്സരിച്ചത്. കുൽബീർ സിംഗ് സിറയാണ് ഇവിടത്തെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. 1,38,561 വോട്ടിനാണ് അമൃത്പാൽ നിലവിൽ മുന്നിട്ട് നിൽക്കുന്നത്. ഫരീദ്കോട്ടിൽ സറബജീത് സിങ് കൽസയാണ് മുന്നിൽ നിൽക്കുന്ന മറ്റൊരു സ്വതന്ത്രൻ. ബതിൻഡ സീറ്റിലാണ് ശിരോമണി അകാലിദളിന്റെ ഹർസിമ്രത് കൗർ ബാദൽ മുന്നിട്ടുനിൽക്കുന്നത്. നേരത്തേ എൻ.ഡി.എയുടെ ഭാഗമായിരുന്ന പാർട്ടി കർഷക സമരമടക്കമുള്ള പ്രശ്നങ്ങളെ തുടർന്ന് മുന്നണി വിടുകയായിരുന്നു.

പഞ്ചാബിൽ മുന്നിട്ട് നിൽക്കുന്ന സ്വതന്ത്രരിൽ ഒരാൾ ഖലിസ്ഥാന്‍ നേതാവ് അമൃത്പാൽ സിം​ഗാണ്. പഞ്ചാബിലെ ഭാദൂർ മണ്ഡലത്തിൽ അദ്ദേഹത്തിന്റെ ഭൂരിപക്ഷം അറുപതിനായിരം കടന്നു. അസമിലെ ജയിലിൽ കഴിയുന്ന അമൃത്പാൽ സ്വതന്ത്ര സ്ഥാനാർത്ഥിയായാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. പഞ്ചാബിലെ കർഷക സമരമാണ് ബിജെപിക്ക് വലിയ തിരിച്ചടിയായത്. ബിജെപിക്കെതിരെ വലിയ പ്രതിഷേധമാണ് കർഷക സംഘടനകൾ തെരഞ്ഞെടുപ്പ് വേളയിലും ഉയർത്തിയത്. സംയുക്ത കിസാൻ മോർച്ച രാഷ്ട്രീയേതര വിഭാ​ഗത്തിന്റെ നേതൃത്വത്തിൽ ബിജെപി സ്ഥാനാർത്ഥികളുടെ വീടിന് മുന്നിൽ പന്തൽ കെട്ടി സമരം പോലും നടന്നിരുന്നു.

പഞ്ചാബിലെ അതിർത്തിയിൽ സമരം ചെയ്യുകയായിരുന്ന കർഷക‌ർ ഒരു ഘട്ടത്തിൽ ഉപരോധസമരം ബിജെപി നേതാക്കളുടെ വീടിന് മുന്നിലേക്ക് മാറ്റുകയായിരുന്നു. കർഷക പ്രക്ഷോഭത്തെ ഒരു ഘട്ടത്തിലും നേരിടാൻ ബിജെപിക്ക് കഴിഞ്ഞിരുന്നില്ല. കർഷകരുടെ ഈ അതൃപ്തിയാണ് ബിജെപിക്ക് വോട്ടെടുപ്പിലും തിരിച്ചടിയായത്.

Be the first to comment

Leave a Reply

Your email address will not be published.


*