
മലയാള സിനിമ രംഗത്തെ ലൈംഗികചൂഷണങ്ങളും സ്ത്രീവിരുദ്ധതയും പുറത്തുകൊണ്ടുവന്ന ഹേമ കമ്മിറ്റി റിപ്പോർട്ടിനെ പരിഹസിച്ച് ബിജെപി നേതാവും നടനുമായ ജി കൃഷ്ണകുമാർ. അദ്ദേഹത്തിന്റെ ജീവിതപങ്കാളി സിന്ധു കൃഷ്ണ യൂട്യൂബിൽ പങ്കുവെച്ച വ്ളോഗിലാണ് കൃഷ്ണകുമാറിന്റെ പ്രതികരണം. ഇത് സമൂഹമാധ്യമങ്ങളിലും ചർച്ചയായിട്ടുണ്ട്.
വീട്ടിൽ ചിത്രീകരിച്ചിരിക്കുന്ന വ്ളോഗിൽ, ജീവിത പങ്കാളിയോട്, ഓരോ കമ്മിഷനൊക്കെ വന്നുകൊണ്ടിരിക്കുന്ന കാലമാണ്, നീ എന്റെ വാതിലിലൊന്നും മുട്ടല്ലേ’ എന്ന് കൃഷ്ണകുമാർ പറയുന്നു. ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സിനിമ സൈറ്റിൽ നടിമാരും ജൂനിയർ ആർട്ടിസ്റ്റുകളും നേരിടുന്ന ചൂഷണങ്ങളാണ് അടങ്ങിയിട്ടുള്ളത്. ഷൂട്ടിങ്ങിനുവേണ്ടി പലസ്ഥലങ്ങളിൽ കഴിയുമ്പോൾ, രാത്രികളിൽ പലരും വന്ന് വാതിലിൽ ശക്തിയായി ഇടിക്കാറുണ്ടെന്നും ബലാത്സംഗ ഭീഷണികളിലാണ് പലപ്പോഴും കഴിയുന്നതെന്നും നടിമാർ കമ്മിറ്റിക്കു മുൻപാകെ മൊഴികൊടുത്തിരുന്നു.
ഇത്രയേറെ ഗൗരവമുള്ള വിഷയത്തെയാണ് പരിഹാസരൂപേണ കൃഷ്ണകുമാർ അവതരിപ്പിച്ചത്. കൂടാതെ മകളോട് കമ്മിറ്റി റിപ്പോർട്ടിനെക്കുറിച്ചൊന്നും അറിയേണ്ട കാര്യമില്ലെന്നും കൃഷ്ണകുമാർ പറയുന്നു. നേരത്തെ തന്റെ വീട്ടിൽ പണ്ട് കാലത്ത് ആചരിച്ചിരുന്ന തൊട്ടുകൂടായ്മ സമ്പ്രദായങ്ങളിൽ അഭിമാനിക്കുന്ന തരത്തിൽ പ്രതികരണം നടത്തിയതിൽ കൃഷ്ണകുമാറിനെതിരെ എസ്‌സി-എസ്‌ടി കമ്മിഷൻ കേസെടുത്തിരുന്നു. അതിനെ പരിഹസിച്ച് അദ്ദേഹത്തിന്റെ മകൾ ദിയ കൃഷ്ണ സമൂഹമാധ്യമങ്ങളിൽ വീഡിയോ പോസ്റ്റ് ചെയ്തതും വിവാദമായിരുന്നു.
Be the first to comment