ബി ജെ പി നേതാവും തമിഴ് നടിയുമായ ഗൗതമി ടാഡിമല്ല പാർട്ടിയിൽനിന്ന് രാജിവച്ചു. ജീവിതത്തിൽ ബുദ്ധിമുട്ട് നേരിട്ട സമയത്ത് ബി ജെ പിയിൽനിന്ന് യാതൊരുവിധ പിന്തുണയും ലഭിച്ചില്ലെന്ന് ആരോപിച്ചാണ് രാജി. 25 വർഷം മുമ്പ് ബി ജെ പിയോടൊപ്പം ചേർന്നത് രാഷ്ട്രനിർമാണത്തിനായി പ്രവർത്തിക്കണമെന്ന ആഗ്രഹംമൂലമാണ് വലിയ വിഷമത്തിലാണ് രാജിവയ്ക്കാനുള്ള തീരുമാനമെടുത്തതെന്നും ഗൗതമി രാജിക്കത്തിൽ പറയുന്നു.
ജീവിതത്തിൽ കടന്നുവന്ന എല്ലാ പ്രശ്നങ്ങളിലും താൻ പാർട്ടിയോടൊപ്പം തന്നെയാണ് നിന്നത്. എന്നാൽ ഇപ്പോൾ ചിന്തിക്കാൻ കഴിയാത്തത്ര ഗൗരവമുള്ള ഒരു പ്രശ്നത്തിൽ എത്തി നിൽക്കുമ്പോൾ, പാർട്ടിയോ നേതാക്കളോ തന്റെ കൂടെയില്ലെന്നു മാത്രമല്ല, തന്നെ ഈ അവസ്ഥയിലെത്തിച്ച വ്യക്തിയെ പിന്തുണച്ച് നേതാക്കൾ രംഗത്തെത്തുന്നതായും ഗൗതമി രാജിക്കത്തിൽ പറയുന്നു.
1997ലാണ് ഗൗതമി ബി ജെ പിയിൽ ചേരുന്നത്. അന്നത്തെ ഉപപ്രധാനമന്ത്രിയായിരുന്ന, ബി ജെ പിയുടെ മുതിർന്ന നേതാവ് എൽ കെ അദ്വാനിയാണ് അവരെ പാർട്ടിയിലേക്ക് ക്ഷണിക്കുന്നത്. തൊണ്ണൂറുകളിൽ മുൻപ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയ്ക്കുവേണ്ടി ആന്ധ്രാ പ്രദേശിലും തമിഴ്‌നാട്ടിലും കർണാടകയിലും ഗൗതമി പ്രചാരണം നടത്തിയിരുന്നു. മകൾ ജനിച്ചപ്പോൾ രാഷ്ട്രീയത്തിൽനിന്ന് ഇടവേളയെടുക്കുകയും പിന്നീട് 2017ൽ തിരിച്ചെത്തുകയും ചെയ്തു. 2021ലെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ രാജപാളയം മണ്ഡലത്തിന്റെ ചുമതലയും ബി ജെ പി നൽകിയിരുന്നു.
Be the first to comment