പാര്‍ട്ടി പറഞ്ഞാല്‍ ഏറ്റെടുക്കുമോ? ബിജെപി അധ്യക്ഷ സ്ഥാനത്തേക്ക് ഇനിയില്ലെന്ന് വി മുരളീധരന്‍

കൊച്ചി: പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ സി കൃഷ്ണകുമാര്‍ തോറ്റതുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് ബിജെപി നേതാവ് വി മുരളീധരന്‍. പറയാനുള്ളത് പറയേണ്ട വേദിയില്‍ പറയുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് ഇനിയില്ലെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടി പറഞ്ഞാല്‍ അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുമോ എന്ന ചോദ്യത്തിന് നല്ല ചോദ്യമാണെന്നായിരുന്നു മുരളീധരന്റെ മറുപടി. മാധ്യമപ്രവര്‍ത്തകര്‍ക്ക് ബിജെപിയോടുള്ള സ്‌നേഹം തനിക്ക് മനസിലാകും. അമ്മയെ തല്ലുന്നത് നിര്‍ത്തിയോ എന്നതു പോലത്തെ ചോദ്യങ്ങളാണ് മാധ്യമങ്ങളില്‍ നിന്നു വരുന്നതെന്നും മുരളീധരന്‍ പറഞ്ഞു.

വി മുരളീധരനെ ബിജെപി സംസ്ഥാന അധ്യക്ഷനാക്കാനുള്ള ഒരു വിഭാഗത്തിന്റെ നീക്കത്തില്‍ രാജി സന്നദ്ധത സുരേന്ദ്രന്‍ അറിയിച്ചെങ്കിലും വ്യാപക വിമര്‍ശനങ്ങള്‍ക്കിടെയും കെ സുരേന്ദ്രന്‍ രാജിവെക്കേണ്ടതില്ലെന്ന് ബിജെപി കേന്ദ്ര നേതൃത്വം വ്യക്തമാക്കിയതാണ് വിവരം.

പാലക്കാട് തോല്‍വിയില്‍ ആരോടും പാര്‍ട്ടി രാജി ആവശ്യപ്പെട്ടിട്ടില്ലെന്നും ഇപ്പോഴത്തെ പ്രശ്‌നം പരിഹരിക്കുമെന്ന് കരുതുന്നുവെന്നായിരുന്നു കേരളത്തിന്റെ ചുമതലയുള്ള പ്രകാശ് ജവദേക്കറിന്റെ ട്വീറ്റ്.

പാലക്കാടെ തെരഞ്ഞെടുപ്പ് തോല്‍വിയെ കുറിച്ച് ചോദിച്ചപ്പോള്‍ അതുമായി ബന്ധപ്പെട്ട കാര്യങ്ങളൊക്കെ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ തന്നെ ചോദിക്കുന്നതായിരിക്കും നല്ലതെന്നും വി മുരളീധരന്‍ പറഞ്ഞത്. പാര്‍ട്ടി തന്നെ ഏല്‍പ്പിച്ചത് മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പാണ്. അവിടെ തെരഞ്ഞെടുപ്പ് നടന്ന 20-ാം തീയതി വരെ മഹാരാഷ്ട്ര കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിച്ചിരുന്നത്. അതുകൊണ്ട് ഇവിടെ എന്തൊക്കെ പ്ലാന്‍ ചെയ്തു, എന്തൊക്കെ നടപ്പിലാക്കി, എന്തൊക്കെ നടപ്പിലായില്ല എതൊന്നും അറിയില്ല. അതൊക്കെ പാര്‍ട്ടി വിലയിരുത്തുമെന്നുമാണ് വി മുരളീധരന്‍ പറഞ്ഞത്.

Be the first to comment

Leave a Reply

Your email address will not be published.


*