സർവ്വതും കാവിവത്കരിക്കാനുള്ള ബിജെപി നീക്കം; ഡി ഡി ന്യൂസ് ലോഗോ നിറം മാറ്റത്തിനെതിരെ എംകെ സ്റ്റാലിൻ

കേന്ദ്രസർക്കാരിന്റെ ഉടമസ്ഥതയിലുള്ള ദൂരദർശന്റെ വാർത്താ ചാനലായ ഡി ഡി ന്യൂസിന്റെ ലോഗോയുടെ നിറം കാവിയാക്കിയതിനെതിരെ രൂക്ഷ വിമർശനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. രാജ്യത്തെ സർവതും കാവിവത്ക്കരിക്കാനുള്ള നീക്കമാണ് ബിജെപി നടത്തുന്നതെന്ന് സ്റ്റാലിൻ  പറഞ്ഞു.

തമിഴ് കവി തിരുവള്ളുവരെ കാവിവത്കരിച്ചും തമിഴ്നാട്ടിലെ മഹാത്മാക്കളായ ആളുകളുടെ പ്രതിമകളിൽ കാവി പെയിന്റ് ഒഴിച്ച് അവരെ അപമാനിച്ചു. അവർ റേഡിയോയുടെ ശുദ്ധമായ തമിഴ് പേര് മാറ്റി ആകാശവാണി എന്ന സംസ്‌കൃതമാക്കി. ‘പൊതികൈ’ എന്ന മനോഹരമായ തമിഴ് വാക്കും അവർ നീക്കം ചെയ്തു. ഇപ്പോൾ ദൂരദർശനിലും അവർ കാവി അടിച്ചു, സ്റ്റാലിൻ പറഞ്ഞു.

തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ നമ്മൾ പറഞ്ഞതുപോലെ, എല്ലാം കാവിവൽക്കരിക്കാനുള്ള ബിജെപിയുടെ പദ്ധതിയുടെ പ്രിവ്യൂ മാത്രമാണിത്. ഈ ഏകശിലാ ഫാസിസത്തിനെതിരെ ഇന്ത്യയിലെ ജനങ്ങൾ ഉയർന്നുവരികയാണെന്ന് 2024 ലെ തിരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കും!

കഴിഞ്ഞ ദിവസമാണ് ദൂരദർശൻ ലോഗോ പുതിയ രീതിയിൽ മാറിയത്. ലോഗോയിൽ മാത്രമാണ് മാറ്റമെന്നും മൂല്യങ്ങൾ അതേപടി നിലനിർത്തുമെന്നും ദൂരദർശൻ പ്രഖ്യാപിച്ചിരുന്നു.

ഞങ്ങളുടെ മൂല്യങ്ങൾ അതേപടി നിലനിൽക്കുമ്പോൾ, ഞങ്ങൾ ഇപ്പോൾ ഒരു പുതിയ രൂപത്തിൽ ലഭ്യമാണ്. മുമ്പെങ്ങുമില്ലാത്തവിധം ഒരു വാർത്താ യാത്രയ്ക്ക് തയ്യാറാകൂ. ഏറ്റവും പുതിയ ഡിഡി വാർത്തകൾ അനുഭവിക്കൂ! എന്ന കുറിപ്പിനൊപ്പമാണ് പുതിയ നിറത്തിലുള്ള ലോഗോ പുറത്തുവിട്ടത്.

ലോഗോ നിറം മാറ്റത്തിനെതിരെ നേരത്തെ വിവിധ പ്രതിപക്ഷ കക്ഷികൾ രംഗത്തെത്തിയിരുന്നു. സമ്പൂർണ കാവിവൽകരണത്തിന്റെ ഭാഗമായിട്ടാണ് ദൂരദർശന്റെ കാവി ലോഗോ എന്നാണ് ഉയരുന്ന വിമർശനം. നേരത്തെ കേരള സ്റ്റോറി എന്ന സിനിമ ദൂരദർശനിൽ പ്രദർശിപ്പിക്കാനുള്ള തീരുമാനവും വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*