കര്‍ണാടകയിലെ തിരിച്ചടിയും, രാജ്യത്ത് ഉരുത്തിരിയുന്ന പുതിയ രാഷ്ട്രീയ സാഹചര്യങ്ങളുടെയും പശ്ചാത്തലത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിന് പുതിയ തന്ത്രങ്ങള്‍ മെനയാൻ ബിജെപി. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് എന്‍ഡിഎയെ ശക്തിപ്പെടുത്താന്‍ തിരക്കിട്ട നീക്കങ്ങള്‍ നടത്തുകയാണ് ബിജെപി. പഴയ സഖ്യ കക്ഷികളെ പാളയത്തിലെത്തിച്ച് പ്രതിപക്ഷ പാര്‍ട്ടികളെ നേരിടാനുള്ള ശ്രമങ്ങളാണ് ബിജെപിയുടെ നേതൃത്വത്തില്‍ പുരോഗമിക്കുന്നത്.
ദക്ഷിണേന്ത്യയില്‍ ഭരണമുണ്ടായിരുന്ന ഏക സംസ്ഥാനമായ കര്‍ണാടകയില്‍ എറ്റുവാങ്ങിയ പരാജയം തന്നെയാണ് ബിജെപിയുടെ ആശങ്ക വര്‍ധിപ്പിക്കുന്നത്. കര്‍ണാടകയില്‍ നിന്ന് തന്നെ ഇതിനെ പ്രതിരോധിക്കാനാണ് പാര്‍ട്ടി നേതൃത്വം ശ്രമിക്കുന്നതിന്. ഇതിന്റെ ഭാഗമായി ജനതാദള്‍ സെകുലറിനെ മുന്നണിയിലെത്തിക്കാനാണ് നീക്കം. ജെഡിഎസുമായി മുന്നണി ചര്‍ച്ചകള്‍ ആരംഭിച്ചുകഴിഞ്ഞു. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലൊന്നായ ആന്ധ്ര പ്രദേശില്‍ തെലുങ്ക് ദേശം പാര്‍ട്ടി (ടിഡിപി)യെ ഒപ്പം കൂട്ടാനാണ് പദ്ധതി. കര്‍ഷക പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തില്‍ എന്‍ഡിഎയോട് പിണങ്ങിയ ശിരോമണി അകാലിദളുമായി പഞ്ചാബില്‍ ബന്ധം ശക്തമാക്കാനുള്ള നീക്കങ്ങളും പുരോഗമിക്കുകയാണ്.
മഹാരാഷ്ട്രയില്‍ എക്‌നാഥ് ഷിന്‍ഡേ നേതൃത്വം നല്‍കുന്ന ശിവസേന പക്ഷവുമായുള്ള ബന്ധം ശക്തിപ്പെടുത്താനും, തമിഴ്നാട്ടിൽ എഐഎഡിഎംകെയുമായുള്ള മുന്നണി നിലനിര്‍ത്താനും നേരത്തെ തന്നെ ബിജെപി ധാരണയിലെത്തിയിരുന്നു.
ഇതിന് പുറമെ ഹിന്ദി ഹൃദയ ഭൂമിയിലെ അസ്വസ്ഥതകള്‍ മറികടക്കാന്‍ ഉത്തര്‍ പ്രദേശ്, ബീഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ ചെറു പ്രാദേശിക പാര്‍ട്ടികളെ ഒപ്പം നിര്‍ത്തുന്നതിനുള്ള ചര്‍ച്ചകളും പുരോഗമിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. യുപിയില്‍ അപ്നാ ദളിനെ നിലനിർത്താനും ബിജെപി ശ്രമിക്കുന്നുണ്ട്. അടുത്തിടെ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ഡല്‍ഹിയില്‍ ചേര്‍ന്ന ബിജെപി മുഖ്യമന്ത്രിമാരുടെ യോഗത്തിലും ചെറുപാര്‍ട്ടികളെ ഒപ്പം നിര്‍ത്തേണ്ടതിന്റെ ആവശ്യത്തെ കുറിച്ച് ചര്‍ച്ചയായിരുന്നു.
Be the first to comment