പത്തനംതിട്ട: ബിജെപി ഭരിക്കുന്ന പന്തളം നഗരസഭയിലെ അധ്യക്ഷയും ഉപാധ്യക്ഷയും രാജിവച്ചു. സുശീല സന്തോഷും യു രമ്യയുമാണ് രാജിവച്ചത്. നാളെ അവിശ്വസ പ്രമേയം ചര്‍ച്ചയ്‌ക്കെടുക്കാനിരിക്കെയാണ് രാജി. രാജിക്ക് പിന്നില്‍ വ്യക്തിപരമായ പ്രശ്‌നങ്ങളാണെന്ന് സുശീല സന്തോഷ് പറഞ്ഞു. അഞ്ച് വര്‍ഷവും ബിജെപി തന്നെ അധികാരത്തില്‍ തുടരുമെന്നും സുശീല മാധ്യമങ്ങളോട് പറഞ്ഞു.
ബിജെപി നേതൃത്വത്തിലുള്ള പന്തളം നഗരസഭ ഭരണസമിതിക്കെതിരെ എല്‍ഡിഎഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. എല്‍ഡിഎഫിലെ ഒമ്പതംഗങ്ങളും ഒരു സ്വതന്ത്രനും ഒരു ബിജെപി കൗണ്‍സിലറും ഉള്‍പ്പെടെ 11 കൗണ്‍സിലര്‍മാര്‍ ഒപ്പിട്ട അവിശ്വാസ നോട്ടീസാണ് നല്‍കിയത്. എല്‍ഡിഎഫിലെ ഒമ്പത് കൗണ്‍സിലര്‍മാരും സ്വതന്ത്രന്‍ അഡ്വ. രാധാകൃഷ്ണന്‍ ഉണ്ണിത്താനും ബിജെപി കൗണ്‍സിലര്‍ കെ വി പ്രഭയും നോട്ടീസില്‍ ഒപ്പുവച്ചു. പത്തനംതിട്ട എല്‍എസ്ജിഡി ജെആര്‍എഎസ് നൈസാമിനാണ് വെള്ളിയാഴ്ച നോട്ടീസ് നല്‍കിയത്.
ഭരണ സമിതിയെ വിമര്‍ശിച്ചതിന് അടുത്തിടെ ബിജെപി കൗണ്‍സിലറായ കെവി പ്രഭയെ ബിജെപി അംഗത്വത്തില്‍നിന്ന് നീക്കിയിരുന്നു. 33 അംഗ പന്തളം നഗരസഭയിലെ കക്ഷി നില- ബിജെപി 18, എല്‍ഡിഎഫ്- ഒമ്പത്, യുഡിഎഫ് – അഞ്ച്, സ്വതന്ത്രന്‍ ഒന്ന് എന്നിങ്ങനെയാണ്.
പാലക്കാട്ട് തോറ്റ ബിജെപി സ്ഥാനാര്‍ഥി കൃഷ്ണകുമാറിനായിരുന്നു പന്തളം നഗരസഭയിലെ ചുമതല. പന്തളത്തെ പാര്‍ട്ടി തകര്‍ച്ചയുടെ കാരണക്കാരന്‍ കൃഷ്ണകുമാര്‍ ആണെന്നാണ് കൗണ്‍സിലര്‍മാരുടെ അടക്കം ആരോപണം.
Be the first to comment