‘വഖഫ് എന്നാല്‍ നാല് അക്ഷരങ്ങളില്‍ ഒതുങ്ങുന്ന കിരാതം’; വിവാദ പ്രസ്താവനയുമായി സുരേഷ് ഗോപി ;വിമര്‍ശിച്ച് മുസ്ലീം ലീഗ്

കല്‍പ്പറ്റ: വഖഫ് എന്നാല്‍ നാല് അക്ഷരങ്ങളില്‍ ഒതുങ്ങുന്ന കിരാതമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. ആ ബോര്‍ഡിന്റെ പേര് താന്‍ പറയില്ലെന്നും ആ കിരാതത്തെ ഒതുക്കിയിരിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. അമിത് ഷായുടെ ഓഫീസില്‍ നിന്ന് അയച്ച ഒരു വിഡിയോ ഉണ്ടെന്നും അതിവിടെ പ്രചരിപ്പിക്കണമെന്നും വയനാട് മണ്ഡലത്തിലെ പ്രചാരണ യോഗത്തില്‍ സുരേഷ് ഗോപി പറഞ്ഞു.

എന്നാല്‍ വയനാട്ടിലെ ദുരന്തബാധിതര്‍ക്ക് കേന്ദ്ര സഹായം കൊടുക്കാന്‍ മുന്‍കൈ എടുക്കാതെ വഖഫിനെ കുറിച്ച് പറയുകയാണെന്ന് സുരേഷ് ഗോപിയെ വിമര്‍ശിച്ച് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി രംഗത്തുവന്നു. സുരേഷ് ഗോപി വയനാട്ടില്‍ വരുമ്പോള്‍ ഇത്തരം വര്‍ത്തമാനമല്ല പറയേണ്ടതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ബി. ഗോപാലകൃഷ്ണന്‍ ഇതേവേദിയില്‍ വഖഫ് വിഷയത്തില്‍ പ്രതികരിച്ചതിന് പിന്നാലെയാണ് സുരേഷ് ഗോപിയുടെയും പ്രതികരണം. ‘പതിനെട്ടാം പടിക്കു താഴെയൊരു ചങ്ങായി ഇരിപ്പുണ്ടെന്നും നാളെ അതും വഖഫ് ആണെന്നു പറഞ്ഞു വരുമെന്നുമായിരുന്നു ഗോപാലകൃഷ്ണന്റെ പരാമര്‍ശം.

‘ശബരിമല, അയ്യപ്പന്റെ ഭൂമി, നാളെ വഖഫ് ആണെന്ന് പറയില്ലേ. അവിടെയൊരു ചങ്ങായി ഇരിപ്പുണ്ട് അയ്യപ്പനു താഴെ. അയ്യപ്പന്‍ പതിനെട്ടു പടിയുടെ മുകളില്‍. പതിനെട്ടു പടിയുടെ അടിയില്‍ വേറൊരു ചങ്ങായി ഇരിപ്പുണ്ട്. വാവര്. ഈ വാവര്, ഞാനിത് വഖഫിന് കൊടുത്തെന്ന് പറഞ്ഞാല്‍ നാളെ ശബരിമല വഖഫിന്റേത് ആകും. അയ്യപ്പന് ഇറങ്ങിപ്പോകേണ്ടി വരും. അനുവദിക്കണോ? ഇവിടത്തെ ക്രിസ്ത്യാനികളുടെ പ്രധാനപ്പെട്ട സ്ഥലമല്ലേ വേളാങ്കണ്ണി. നാളെ വേളാങ്കണ്ണി വഖഫ് ഭൂമിയാണെന്ന് പറഞ്ഞാല്‍ കൊടുക്കണോ? അത് കൊടുക്കാതിരിക്കാനാണ് വഖഫ് ഭേദഗതി കൊണ്ടുവന്നത്’ ഗോപാലകൃഷ്ണന്‍ പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*