കൊല്ലം: കൊല്ലം മണ്ഡലത്തിലെ ഇടതു സ്ഥാനാര്‍ത്ഥി എം മുകേഷിനെതിരെ വ്യക്തിപരമായ ആക്രമണവുമായി ബിജെപി തമിഴ്‌നാട് സംസ്ഥാന പ്രസിഡന്റ് കെ അണ്ണാമലൈ. നടനും രാഷ്ട്രീയ നേതാവുമായ മുകേഷിനെതിരെ മുന്‍ ഭാര്യ ഗുരുതരമായ ആരോപണങ്ങളാണ് ഉയര്‍ത്തിയത്. സ്വന്തമായി ഒരു കുടുംബം പുലര്‍ത്താന്‍ കഴിയാത്തവന്, എങ്ങനെ സമൂഹത്തിൻ്റെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുമെന്ന് അണ്ണാമലൈ ചോദിച്ചു.
കൊല്ലത്തെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും നടനുമായ കൃഷ്ണകുമാറിൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കൊല്ലം കടപ്പാക്കടയില്‍ എത്തിയപ്പോഴായിരുന്നു മുകേഷിനെതിരെ അണ്ണാമലൈ രൂക്ഷവിമര്‍ശനം ഉന്നയിച്ചത്. മുകേഷിൻ്റെ മുന്‍കാല വ്യക്തിപരമായ പ്രശ്‌നങ്ങള്‍ ആശങ്കയ്ക്ക് കാരണമാകുന്നതാണ്. കുടുംബമില്ലാതെ, സമൂഹവുമായുള്ള അദ്ദേഹത്തിൻ്റെ ബന്ധം ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതാണ്. അണ്ണാമലൈ പറഞ്ഞു.
കൃഷ്ണകുമാറിൻ്റെ കുടുംബാധിഷ്ഠിത പശ്ചാത്തലം അണ്ണാമലൈ എടുത്തു പറഞ്ഞു. കൃഷ്ണകുമാര്‍ നാല് കുട്ടികളുടെ പിതാവാണ്. കുടുംബത്തോടുള്ള അദ്ദേഹത്തിൻ്റെ പ്രതിബദ്ധത തൻ്റെ ഘടകകക്ഷികളെ ഫലപ്രദമായി സേവിക്കാനുള്ള അദ്ദേഹത്തിൻ്റെ കഴിവിനെ പ്രതിഫലിപ്പിക്കുന്നു. കുടുംബബന്ധങ്ങളില്ലാത്ത മുകേഷില്‍ നിന്ന് വ്യത്യസ്തമായി, കൃഷ്ണകുമാര്‍ കുടുംബത്തിൻ്റെയും സമൂഹത്തിൻ്റെയും ചലനാത്മകത മനസ്സിലാക്കുന്നു. അണ്ണാമലൈ പറഞ്ഞു .
കൊല്ലത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എന്‍ കെ പ്രേമചന്ദ്രനെതിരെയും അണ്ണാമലൈ രൂക്ഷ വിമര്‍ശനമുന്നയിച്ചു. കശുവണ്ടിയുടെ തലസ്ഥാനം എന്നാണ് കൊല്ലം അറിയപ്പെട്ടിരുന്നത്. ഇപ്പോള്‍, ആ വ്യവസായം അവഗണിക്കപ്പെട്ടു. രണ്ട് തവണ എംപിയായിട്ടും കൊല്ലത്തെ കശുവണ്ടി വ്യവസായത്തെ പുനരുജ്ജീവിപ്പിക്കുന്നതില്‍ പ്രേമചന്ദ്രൻ്റെ ട്രാക്ക് റെക്കോര്‍ഡ് പരിതാപകരമാണ്. അണ്ണാമലൈ കുറ്റപ്പെടുത്തി.
Be the first to comment