തിരൂർ സതീഷ് പണം കിട്ടിയാൽ എന്തും പറയുന്നയാൾ, ഞങ്ങളുടെ കൈകൾ പരിശുദ്ധമാണ്, ഏത് അന്വേഷണവും നേരിടും; ബിജെപി തൃശൂർ ജില്ലാ അധ്യക്ഷൻ കെ കെ അനീഷ്

കൊടകര കുഴൽപ്പണ കേസിൽ മുൻ ബിജെപി ഓഫീസ് സെക്രട്ടറിയായ തിരൂർ സതീഷന്റെ വെളിപ്പെടുത്തലിൽ പ്രതിരോധം തീർത്ത് ബിജെപി ജില്ലാ അധ്യക്ഷൻ. സതീഷ് പണം കിട്ടിയാൽ എന്തും പറയുന്നയാളാണെന്നും രണ്ടുവർഷം മുൻപേ തന്നെ ഇയാളെ പാർട്ടിയിൽ നിന്ന് പുറത്താക്കിയെന്നും ബിജെപി തൃശൂർ ജില്ലാ അധ്യക്ഷൻ കെ കെ അനീഷ് കുമാർ പറഞ്ഞു. 

സതീഷിനെ സിപിഎം പണം കൊടുത്ത് വിലക്കെടുത്തതാണ്. ഒരു ചാനൽ ഉപയോഗിച്ച് സതീഷിനെ വിലക്കെടുത്ത് നടത്തിയ പ്രസ്താവനയാണ് ഇപ്പോൾ പുറത്തുവന്നത്.ബിജെപിയിൽ നിന്നും പുറത്താക്കിയതിനുള്ള വൈരാഗ്യത്തിന്റെ പുറത്താണ് ഇപ്പോഴത്തെ പ്രസ്താവന. ഇലക്ഷൻ പ്രഖ്യാപിച്ച ശേഷം കെ സുരേന്ദ്രൻ ഒരിക്കൽ പോലും ജില്ലയിൽ പ്രവേശിച്ചിട്ടില്ല. സതീഷ് എന്തുകൊണ്ട് പോലീസിനോട് ഇതൊന്നും പറയുന്നില്ല? കേൾക്കുമ്പോൾ തന്നെ അറിയാം പറയുന്നത് കള്ളമാണെന്ന് അനീഷ് പറഞ്ഞു.

ഏത് തെരഞ്ഞെടുപ്പ് വന്നാലും കൊടകര വിഷയം എടുത്തിടുന്നത് പതിവാണ്. സതീഷിനെക്കുറിച്ച് ആരോട് വേണമെങ്കിലും അന്വേഷിക്കാം. അവസരവാദിയാണ് അയാൾ, നല്ലവനെങ്കിൽ ഓഫീസ് സെക്രട്ടറി സ്ഥാനത്ത് തുടർന്നേനെ, തിരൂർ സതീഷുമായി ബിജെപിക്ക് സഹകരണമില്ലെന്നും അനീഷ് പറയുന്നു.

അതേസമയം, എല്ലാ സമയത്തും കൊടകര കുഴൽപ്പണം പൊക്കി കൊണ്ടുവരുന്നത് സിപിഐഎമ്മാണെന്നായിരുന്നു അനീഷിന്റെ കുറ്റപ്പെടുത്തൽ. സർക്കാരിന് എതിരായ വിഷയങ്ങൾ മറയ്ക്കാനുള്ള തന്ത്രമാണ്‌ കൊടകര.ആരോപണങ്ങൾ നിലനിൽക്കില്ല, എല്ലാം തെറ്റെന്നു പിന്നീട് തെളിയും ഏത് അന്വേഷണവും നേരിടും തങ്ങളുടെ കൈ പരിശുദ്ധമാണ്. ആരോപണങ്ങൾ കെട്ടിച്ചമച്ചതെന്ന് കോടതിക്ക് അറിയാം.ധർമ്മരാജിനെ കാണുന്നത് കുഴൽപ്പണ ആരോപണം വന്നതിനുശേഷം മാത്രമാണ്. കെ സുരേന്ദ്രനോ താനോ ഈ സമയം ഓഫീസിൽ എത്തിയിട്ടില്ല.തെരഞ്ഞെടുപ്പ് സാമഗ്രിയുമായി എത്തുന്ന ആർക്കും മുറി എടുത്തു കൊടുക്കാം. ഓഫീസ് സെക്രട്ടറിക്ക് അതിന് അധികാരമുണ്ട്.

അതുപോലെ തന്നെ തെരഞ്ഞെടുപ്പ് സാമഗ്രിയുമായി എത്തിയ ആളാണ് ധർമ്മരാജൻ. ധർമ്മരാജൻ ചെയ്തതിനെല്ലാം ബിജെപി ഉത്തരവാദി അല്ലെന്നും കെ കെ അനീഷ് വ്യക്തമാക്കി.

Be the first to comment

Leave a Reply

Your email address will not be published.


*