
വഖഫ് നിയമഭേദഗതി ദേശീയ തലത്തില്‍ പ്രചാരണ ആയുധമാക്കാനൊരുങ്ങി ബിജെപി. ഈ മാസം 20 മുതല്‍ അടുത്ത മാസം അഞ്ച് വരെ ‘വഖഫ് സുധാര്‍ ജന്‍ജാഗരണ്‍ അഭിയാന്‍’ സംഘടിപ്പിക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ പ്രഖ്യാപിച്ചു. ഡല്‍ഹിയില്‍ പാര്‍ട്ടി അസ്ഥാനത്ത് സംഘടിപ്പിച്ച ശില്പശാലയിലാണ് പ്രഖ്യാപനം.
വഖഫ് നിയമഭേദഗതിക്ക് എതിരെ പ്രതിപക്ഷ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് ബിജെപിയുടെ നീക്കം. നിയമഭേദഗതി സംബന്ധിച്ച പാര്‍ട്ടിയുടെ വിശദീകരണങ്ങള്‍ക്ക് വാതില്‍പ്പടി പ്രചാരണം നല്‍കുകയാണ് ലക്ഷ്യം.
നിയമഭേദഗതിയുടെ ‘നല്ല’ വശങ്ങള്‍ മുസ്ലിം വിഭാഗക്കാരിലേക്ക് എത്തിക്കാന്‍ പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനായി നാലംഗ സമിതിക്ക് രൂപം നല്‍കിയിട്ടുണ്ട്. അനില്‍ ആന്റണി, ന്യൂനപക്ഷ മോര്‍ച്ച ദേശീയാധ്യക്ഷന്‍ ജമാല്‍ സിദ്ദിഖി, രാജ്യസഭാംഗം രാധാമോഹന്‍ ദാസ് അഗ്രവാള്‍, ജനറല്‍ സെക്രട്ടറി ദുഷ്യന്ത് ഗൗതം എന്നിവരാണ് സമിതിയിലുള്ളത്.
‘കോണ്‍ഗ്രസും സഖ്യകക്ഷികളും കാലങ്ങളായി മുസ്ലിങ്ങളെ വഞ്ചിക്കുകയായിരുന്നു. വഖഫ് നിയമത്തിന്റെ കാര്യത്തിലും തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമം തുടരുകയാണ്. സത്യം എന്തെന്ന് അറിയിക്കുന്നതിനാണ് ബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നത്’ – ന്യൂനപക്ഷ മോര്‍ച്ച വക്താവ് യാസര്‍ ജിലാനി പറഞ്ഞു.
മുസ്ലിം മതപണ്ഡിതര്‍, മുസ്ലിം വിഭാഗക്കാരായ കലാകാരന്മാര്‍, നിയമജ്ഞര്‍, സോഷ്യല്‍ മീഡിയ താരങ്ങള്‍ തുടങ്ങിയവരെ പങ്കെടുപ്പിച്ചുകൊണ്ട് യോഗങ്ങള്‍ സംഘടിപ്പിക്കാനാണ് തീരുമാനം. സ്ത്രീകളുടെ പ്രാതിനിധ്യം യോഗങ്ങളില്‍ ഉറപ്പാക്കണമെന്നാണ് നിര്‍ദേശം
Be the first to comment