‘സതീശന്റെ വെല്ലുവിളി ഏറ്റെടുക്കുന്നു; തൃശൂര്‍, തിരുവനന്തപുരം കോര്‍പ്പറേഷനുകള്‍ ബിജെപി ഭരിക്കും’

കൊച്ചി: വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ തൃശൂര്‍, തിരുവനന്തപുരം കോര്‍പ്പറേഷനുകള്‍ ബിജെപി ഭരിക്കുമെന്ന് പാര്‍ട്ടി നേതാവ് ശോഭാ സുരേന്ദ്രന്‍. പ്രതിപക്ഷ നോതാവ് വിഡി സതീശന്റെ വെല്ലുവിളി ഏറ്റെടുക്കുന്നു. പാലക്കാട് മുനിസിപ്പാലിറ്റിയില്‍ പന്തയം വെക്കാം, ഒരു മുനിസിപ്പല്‍ കൗണ്‍സിലറെ യുഡിഎഫിന് അധികമുണ്ടാക്കാന്‍ സാധിക്കുമോ? അത് വെല്ലുവിളിയായി ഏറ്റെടുക്കാന്‍ ബിജെപി തയ്യാറാണ്. ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. തന്നെ സംബന്ധിച്ച് അടുത്ത ചിന്ത തെരഞ്ഞെടുപ്പാണെന്നും, അല്ലാതെ മറ്റൊന്നുമില്ലെന്നും ശോഭ എറണാകുളത്ത് മാധ്യമങ്ങളോട് പറഞ്ഞു.

‘അടുത്ത തെരഞ്ഞെടുപ്പില്‍ തൃശ്ശൂര്‍, തിരുവനന്തപുരം ഉള്‍പ്പെടെയുള്ള കോര്‍പ്പറേഷന്‍ ഞങ്ങള്‍ ഭരിക്കും. താഴെ നിന്ന് മുദ്രാവാക്യം വിളിച്ചിട്ടുള്ള പാവപ്പെട്ട പ്രവര്‍ത്തകന്‍മാരെ മുനിസിപ്പല്‍ ചെയര്‍മാന്‍മാരായിട്ടും കൗണ്‍സിലര്‍മാരായിട്ടും പഞ്ചായത്ത് പ്രസിഡന്റുമാരായിട്ടും ഇരുത്താനുള്ള ഒരുതിരഞ്ഞെടുപ്പാണ് വരാനിരിക്കുന്നത്. അതിന് പാര്‍ട്ടി പുര്‍ണസജ്ജമാണ്. അതുമാത്രമാണ് തന്റെ മനസ്സിലുള്ളത്’

പാര്‍ട്ടിയുടെ സംസ്ഥാനഘടകം നാളിതുവരെ ഏല്‍പ്പിച്ച എല്ലാ ജോലിയും കൃത്യമായി ചെയ്തുതീര്‍ത്തിട്ടുണ്ടെന്നും ശോഭ പറഞ്ഞു. ‘അഖിലേന്ത്യാ നേതൃത്വവും സംസ്ഥാനഘടകവും ശോഭ എന്ത് ജോലി ചെയ്യണമെന്ന് തീരുമാനമെടുക്കാറുണ്ട്. ആ പണി വളരെ നല്ല രീതിയില്‍ ചെയ്തുതീര്‍ത്തുവെന്ന് ആത്മവിശ്വാസമുള്ള ഒരു സാധാരണക്കാരിയാണ് ഞാന്‍’ – ശോഭ പറഞ്ഞു. മാധ്യമപ്രവര്‍ത്തകരുടെ എല്ലാ ചോദ്യങ്ങള്‍ക്കും കൃത്യമായ മറുപടി സംസ്ഥാന അധ്യക്ഷന്‍ നല്‍കിയിട്ടുണ്ട്. അതിനെക്കാള്‍ കൂടുതലായിട്ട് ഒന്നും പറയാനില്ലെന്നും ശോഭ പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*