ബിജെപിയുടെ ഗോവ ലോക്‌സഭ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ആദ്യമായി വനിതാ സ്ഥാനാര്‍ത്ഥി

പനാജി: ബിജെപിയുടെ ഗോവ ലോക്‌സഭ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ആദ്യമായി വനിതാ സ്ഥാനാർത്ഥി . ഡെംപോ ഇന്‍ഡസ്ട്രീസ് എക്‌സിക്യൂട്ടീവ് ഡയറക്ടറും വ്യവസായിയുമായ പല്ലവി ഡെംപോയാണ് സൗത്ത് ഗോവയില്‍ നിന്ന് ജനവിധി തേടുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ 111 സ്ഥാനാർത്ഥികളുടെ പട്ടികയിലാണ് പല്ലവി ഡെംപോ ഇടംപിടിച്ചത്.

ഗോവ സംരംഭകയും വിദ്യാഭ്യാസ വിചക്ഷണയുമായ പല്ലവി ഡെംപോ പുനെയിലെ എംഐടിയില്‍ നിന്ന് രസതന്ത്രത്തില്‍ ബിരുദവും ബിസിനസ് മാനേജ്‌മെന്റില്‍ ബിരുദാനന്തര ബിരുദവും (എംബിഎ) നേടിയിട്ടുണ്ട്. 49 കാരിയായ ഇവര്‍ ഡെംപോ ഇന്‍ഡസ്ട്രീസിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടറായി മീഡിയ, റിയല്‍ എസ്‌റ്റേറ്റ് വിഭാഗത്തിന്റെ മേല്‍നോട്ടം വഹിക്കുന്നു.

നിലവില്‍ സൗത്ത് ഗോവ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത് കോണ്‍ഗ്രസ് നേതാവ് ഫ്രാന്‍സിസ്‌കോ സര്‍ഡിന്‍ഹയാണ്. 1962 മുതല്‍ രണ്ട് തവണ മാത്രമാണ് ബിജെപി ഈ മണ്ഡലത്തില്‍ വിജയിച്ചത്. ഇന്തോ-ജര്‍മ്മന്‍ എഡ്യുക്കേഷണല്‍ ആന്‍ഡ് കള്‍ച്ചറല്‍ സൊസൈറ്റിയുടെ പ്രസിഡന്റാണ് പല്ലവി ഡെംപോ. 2012 മുതല്‍ 2016 വരെ ഗോവ സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള അക്കാദമിക് കൗണ്‍സില്‍ അംഗമായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*