ബിജെപിയുടെ പുതിയ ദേശീയ അധ്യക്ഷനെ അടുത്ത വര്‍ഷം ഫെബ്രുവരിയിൽ തിരഞ്ഞെടുക്കും. രാജ്യസഭ എംപിയായ നദ്ദയുടെ കാലാവധി ഈ വര്‍ഷം പൂര്‍ത്തിയായിരുന്നു. നിലവില്‍ കേന്ദ്ര ആരോഗ്യമന്ത്രി കൂടിയാണ് ജെപി നദ്ദ. ജനുവരി പകുതിയോടെ പകുതിയിലധികം സംസ്ഥാന യൂണിറ്റുകളിലെയും തിരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാക്കും വിധമാണ് ഇപ്പോള്‍ നടക്കുന്ന സംഘടനാ തിരഞ്ഞെടുപ്പ്. ബിജെപിയുടെ 60 ശതമാനം സംസ്ഥാന യൂണിറ്റ് പ്രസിഡന്റുമാരുടെയും കാലാവധി അവസാനിച്ചിരിക്കുകയാണ്. ദേശീയ അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കുന്നതിന് മുമ്പ് പകുതി സംസ്ഥാന ഘടകങ്ങളിലെങ്കിലും സംഘടനാ തിരഞ്ഞെടുപ്പുകള്‍ പൂര്‍ത്തിയാക്കണം എന്നാണ് ബിജെപിയുടെ ഭരണഘടനയില്‍ പറഞ്ഞിരിക്കുന്നത്.
ബിജെപി ഭരണഘടന പ്രകാരം ദേശീയ അധ്യക്ഷന് മൂന്ന് വര്‍ഷം വീതം തുടര്‍ച്ചയായി രണ്ട് തവണ മാത്രമേ അധികാരത്തിലിരിക്കാന്‍ സാധിക്കൂ. 2020 ഫെബ്രുവരിയില്‍ ആണ് ജെപി നദ്ദ പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷനായി ചുമതലയേറ്റത്. പ്രസിഡന്റിന്റെ കാലാവധി മൂന്ന് വര്‍ഷമാണെങ്കിലും ലോക്സഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് കാലാവധി നീട്ടുകയായിരുന്നു. 2012 ല്‍ നിതിന്‍ ഗഡ്കരിയെ തുടര്‍ച്ചയായി രണ്ടാം തവണയും പാര്‍ട്ടി അധ്യക്ഷനാക്കണമെന്ന് ആര്‍എസ്എസ് ആവശ്യപ്പെട്ടപ്പോൾ ഭേദഗതി വരുത്തിയിരുന്നു. എന്നാല്‍, അവസാന നിമിഷം ഗഡ്കരിയെ മാറ്റി രാജ്നാഥ് സിങ് അധ്യക്ഷനായി. 2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി വിജയിക്കുന്നത് വരെ അദ്ദേഹം ആ സ്ഥാനം വഹിച്ചു.
ബിജെപി നേതൃത്വവും ആര്‍എസ്എസും അംഗീകരിക്കുന്ന പേരുകള്‍ അനുസരിച്ചായിരിക്കും പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നത്. അതേസമയം ആരായിരിക്കും പുതിയ അധ്യക്ഷന്‍ എന്നതിനെ കുറിച്ച് വ്യക്തതയില്ല. വിനോദ് താവ്ഡെ, സുനില്‍ ബന്‍സാല്‍, ശിവരാജ് സിങ് ചൗഹാന്‍, മനോഹര്‍ ലാല്‍ ഖട്ടര്‍, വസുന്ധര രാജെ, സഞ്ജയ് ജോഷി തുടങ്ങിയ പേരുകളാണ് പുതിയ പ്രസിഡന്റ് സ്ഥാനത്തേക്ക് ഉയര്‍ന്നു കേള്‍ക്കുന്നത്. പ്രസിഡന്റ് സ്ഥാനത്തേക്ക് ഒന്നിലധികം സ്ഥാനാര്‍ഥികള്‍ ഉണ്ടെങ്കില്‍ അഖിലേന്ത്യാ റിട്ടേണിങ് ഓഫീസര്‍ നിയമിക്കുന്ന പോളിങ് ഓഫീസര്‍മാര്‍ തിരഞ്ഞെടുത്ത ദിവസം എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും പോളിങ് നടത്തണമെന്ന് ഭരണഘടനയിൽ പറയുന്നു. മുദ്രവച്ച ബാലറ്റ് പെട്ടികള്‍ ഡല്‍ഹിയിലെത്തിച്ച് വോട്ടെണ്ണും. നദ്ദയുടെ പിന്‍ഗാമി ആരെന്ന് ഉറ്റുനോക്കുകയണ് ഇന്ത്യൻ രാഷ്ട്രീയം.
Be the first to comment