കറുത്ത പ്ലാസ്റ്റിക് പാത്രങ്ങളുടെ ഉപയോ​ഗം കാൻസറിന് കാരണമാകാം

പല നിറത്തിലും ആകൃതിയിലുമുള്ള പ്ലാസ്റ്റിക് പാത്രങ്ങള്‍ ആധുനിക അടുക്കളകളുടെ ലുക്ക് മാറ്റുന്നതാണ്. ഇതിൽ കറുത്ത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾക്കാണ് മുന്‍തൂക്കം. എന്നാൽ അടുക്കളയിൽ പതിവായി ഉപയോ​ഗിക്കുന്ന ഇത്തരം കറുത്ത പ്ലാസ്റ്റിക് പാത്രങ്ങളും തവിയും സ്പൂണുമൊക്കെ നിങ്ങൾക്ക് വരുത്തിയേക്കാവുന്ന ആരോ​ഗ്യ പ്രശ്നങ്ങൾ എത്രയാണെന്ന് അറിയാമോ?

കറുത്ത പ്ലാസ്റ്റിക്ക് കൊണ്ടു ഉണ്ടാക്കുന്ന കണ്ടെയ്‌നറുകൾ, പാത്രങ്ങൾ, പ്ലേറ്റുകൾ, കപ്പുകൾ, ഒറ്റത്തവണ ഉപയോഗിക്കാവുന്ന കുപ്പികൾ പോലുള്ള ഫുഡ് സർവീസ് വെയർ, അടുക്കള പാത്രങ്ങൾ, കളിപ്പാട്ടങ്ങൾ തുടങ്ങിയവ നമ്മള്‍ ദൈനംദിന ഉപയോഗിക്കുന്നവയാണ്.

ടോക്സിക് ഫ്രീ ഫ്യൂച്ചർ, ആംസ്റ്റർഡാമിലെ വ്രിജെ സർവകലാശാല ​ഗവേഷകർ സംയുക്തമായ നടത്തിയ പഠനത്തിൽ കറുത്ത പ്ലാസ്റ്റിക് ഉപയോ​ഗിച്ച് നിർമിക്കുന്ന വിവിധ ​ഗാർഹിക ഉൽപ്പന്നങ്ങളില്‍ ഉയർന്ന അളവിൽ ഫ്ലേം-റിട്ടാർഡന്‍റ് കെമിക്കലുകൾ അടങ്ങിയിട്ടുണ്ട്. ഇത് ഉയർന്ന കാൻസർ സാധ്യതയ്ക്കും ഹോർമോൺ പ്രവർത്തനം തടസപ്പെടുത്തുന്നതിനും കാരണമായേക്കാം.

ടെലിവിഷൻ പോലുള്ള ഇലക്ട്രോണിക് ഉപകരണങ്ങളിൽ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകള്‍ റീസൈക്കിള്‍ ചെയ്താണ് ഇത്തരത്തിലുള്ള വിവിധ ​ഗാർഹിക ഉൽപ്പന്നങ്ങൾ നിര്‍മിക്കുന്നത്. ഇലക്ട്രോണിക് ഉപകരണങ്ങളിൽ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകളിൽ മാരകമായ രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ടെന്ന് പഠനം കണ്ടെത്തി.

ഫ്ലേം റിട്ടാർഡൻ്റുകൾ അടങ്ങിയ റീസൈക്കിൾ ചെയ്ത ഉല്‍പ്പന്നങ്ങള്‍ക്ക് കറുത്ത നിറമായിരിക്കും. അതുകൊണ്ടാണ് കറുത്ത പ്ലാസ്റ്റിക് പാത്രങ്ങളിൽ ഇത്തരം മാരകമായ രാസവസ്തുക്കൾ കൂടുതലായി അടങ്ങിയിരിക്കുമെന്ന് കീമോസ്ഫിയർ ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തില്‍ വ്യക്തമാക്കുന്നു.

 

Be the first to comment

Leave a Reply

Your email address will not be published.


*