നവീകരിച്ച ഭരണങ്ങാനം അല്‍ഫോന്‍സാ ചാപ്പല്‍ ആശീര്‍വാദം നാളെ

ഭരണങ്ങാനം : വിശുദ്ധ അല്‍ഫോന്‍സാ തീര്‍ത്ഥാടന കേന്ദ്രത്തിലെ നവീകരിച്ച ചാപ്പലിന്റെയും അള്‍ത്താരയുടെയും ആശീര്‍വാദം നാളെ (ജൂലൈ 11) വൈകുന്നേരം മൂന്നിന് പാലാ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വഹിക്കും. മാര്‍ ജോസഫ് പള്ളിക്കാപ്പറമ്പില്‍ സഹകാര്‍മികനാകും.
അള്‍ത്താരയുടെ മധ്യത്തില്‍ മാര്‍ത്തോമാ കുരിശും വശങ്ങളിലും മുകളിലും ഐക്കണുകളും സ്ഥാപിച്ചിട്ടുണ്ട്. പൂര്‍ണമായും തടി ഉപയോഗിച്ചാണ് നിര്‍മാണം. ഒട്ടേറെ കൊത്തുപണികളുമുണ്ട്. അള്‍ത്താരയുടെ വശങ്ങളിലെ ഭിത്തികളില്‍ ഈശോയുടെ തിരുപ്പിറവി, ജ്ഞാനസ്‌നാനം, പുനരുദ്ധാനം, പന്തക്കുസ്താ ദിവസം തീനാവുകളാല്‍ അഭിഷിക്തരായ ശിഷ്യന്മാരുടെ ഐക്കണുകള്‍ എന്നിവയെല്ലാം സ്ഥാപിച്ചിട്ടുണ്ട്.
വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ കബറിടത്തിന് മുകള്‍ഭാഗവും അലങ്കാരപ്പണികള്‍കൊണ്ട് സുന്ദരമാക്കിയിട്ടുണ്ട്. 14 അടി ഉയരമുള്ള ക്രൂശിതരൂപവും കബറിടത്തിന് സമീപം ഗ്ലാസില്‍ തീര്‍ത്ത അല്‍ഫോന്‍സാമ്മയുടെ ചിത്രവും പ്രതിഷ്ഠിച്ചിട്ടുണ്ട്.
തീര്‍ത്ഥാടകര്‍ക്ക് സ്വന്തം ഭാഷകളില്‍ കുര്‍ബാനയര്‍പ്പിക്കുന്നതിന് സൈഡ് ചാപ്പലും മൗനപ്രാര്‍ത്ഥനയ്ക്കും ധ്യാനത്തിനുമായി മൂന്നാമത് ഒരു ചാപ്പലും ക്രമീകരിച്ചിട്ടുണ്ട്. അള്‍ത്താരയിലെ ഐക്കണുകള്‍ വരച്ചത് ആര്‍ട്ടിസ്റ്റ് ഫാ. സാബു മന്നടയാണ്. പൗരസ്ത്യ സഭകളുടെ പുരാതന പാരമ്പര്യം അനുസരിച്ചാണ് അള്‍ത്താര രൂപകല്‍പന ചെയ്തിരിക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*