അബ്ദുൽ റഹീമിൻ്റെ ജീവിതം താൻ സിനിമയാക്കുമെന്ന ബോബി ചെമ്മണ്ണൂരിൻ്റെ അവകാശവാദം തള്ളി ബ്ലെസി

സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിൻ്റെ ജീവിതം താൻ സിനിമയാക്കുമെന്ന വ്യവസായി ബോബി ചെമ്മണ്ണൂരിൻ്റെ അവകാശവാദം തള്ളി സംവിധായകൻ ബ്ലെസി. റഹീമിൻ്റെ ജീവിതം സിനിമയാക്കുന്നതിനെ കുറിച്ച് ഇതുവരെ ചിന്തിച്ചിട്ടില്ലെന്ന് അദ്ദേഹം  പറഞ്ഞു. അബ്ദുൽ റഹീമിൻ്റെ ജീവിതവുമായി ബന്ധപ്പെട്ട് ബോബി ചെമ്മണ്ണൂർ സംസാരിച്ചിരുന്നുവെന്നത് ശരിയാണെന്നും എന്നാൽ സിനിമ ചെയ്യാമെന്നോ ചെയ്യില്ലെന്നോ പറഞ്ഞിട്ടില്ലെന്നും ബ്ലെസി വ്യക്തമാക്കി.

ആടുജീവിതത്തിൻ്റെ തിരക്കിലായതിനാൽ അബ്ദുൽ റഹീമിൻ്റെ സംഭവത്തെ കുറിച്ച് അറിഞ്ഞിരുന്നില്ല. ഈ സംഭവം എന്താണെന്ന് അദ്ദേഹത്തോട് ചോദിച്ചാണ് മനസിലാക്കിയത്. തിരക്കിൽ നിൽക്കുമ്പോഴാണ് അദ്ദേഹം ഇതിനെ കുറിച്ച് സംസാരിച്ചത്. എന്നാൽ സിനിമയെ കുറിച്ച് ദീർഘമായ ഒരു ചർച്ചയും നടന്നിട്ടില്ലെന്നും ബ്ലെസി പറഞ്ഞു. ഒരേ രീതിയിലുള്ള സിനിമകൾ ചെയ്യാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും ബ്ലെസി വ്യക്തമാക്കി.

കഴിഞ്ഞ ദിവസമാണ് അബ്ദുൾ റഹീമിൻ്റെ ജീവിതവും അദ്ദേഹത്തിൻ്റെ മോചനത്തിനായി നടത്തിയ യാചനയാത്രയും മൂന്ന് മാസത്തിനുള്ളിൽ സിനിമയാക്കുമെന്നും ബ്ലെസി ഇതിന് അനൂകുല മറുപടിയാണ് തന്നതെന്നും ബോബി ചെമ്മണ്ണൂർ വാർത്താസമ്മേളനത്തിൽ പ്രഖ്യാപിച്ചത്. സിനിമയിലൂടെ ലാഭം ആഗ്രഹിക്കുന്നില്ലെന്നും ബോബി ചെമ്മണ്ണൂർ വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. സിനിമയിലൂടെ ലഭിക്കുന്ന ലാഭം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നൽകുമെന്നുമായിരുന്നു ബോബി ചെമ്മണ്ണൂർ പ്രഖ്യാപിച്ചത്. മലയാളികളുടെ നന്മ ലോകത്തിന് കാണിച്ചു കൊടുക്കാനാണ് സിനിമ നിർമ്മിക്കുന്നതെന്നും ബോബി ചെമ്മണ്ണൂർ പറഞ്ഞിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*