ഹൈദരാബാദ്: ചാമ്പ്യൻസ് ട്രോഫിക്കായി ഇന്ത്യൻ പുരുഷ ടീം പാകിസ്താനിലേക്ക് പോകുന്നതുമായി ബന്ധപ്പെട്ട് പ്രശ്‍നങ്ങൾ നടക്കുന്നതിനിടെ വീണ്ടും വിവാദം.നവംബർ 22 മുതൽ ഡിസംബർ 3 വരെ പാകിസ്ഥാനിൽ നടക്കാനിരിക്കുന്ന ബ്ലൈൻഡ് ടി20 ലോകകപ്പിൽ നിന്ന് ഇന്ത്യൻ ബ്ലൈൻഡ് ക്രിക്കറ്റ് ടീം ഔദ്യോഗികമായി പിന്മാറി. സുരക്ഷാ കാരണങ്ങളാൽ ക്രിക്കറ്റ് ടീമിന് പോകാൻ സർക്കാർ അനുമതി നിഷേധിച്ചതിനെ തുടർന്നാണ് തീരുമാനം.
കേന്ദ്ര കായിക മന്ത്രാലയം നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻഒസി) നൽകിയെങ്കിലും വിദേശകാര്യ മന്ത്രാലയത്തിന്‍റെ അനുമതി ലഭിക്കാത്തതാണ് ടീമിന് തിരിച്ചടിയായത്. ക്രിക്കറ്റ് ടീമിനെ പാകിസ്ഥാനിലേക്ക് പോകാൻ അനുവദിക്കില്ലെന്ന് അനൗപചാരികമായി അറിയിച്ചിട്ടുണ്ടെന്ന് ഇന്ത്യൻ ബ്ലൈൻഡ് ക്രിക്കറ്റ് അസോസിയേഷൻ (ഐബിസിഎ) ജനറൽ സെക്രട്ടറി ശൈലേന്ദ്ര യാദവ് പിടിഐയോട് പറഞ്ഞു. ഞങ്ങൾ നാളെ വാഗാ അതിർത്തിയിലേക്ക് പോകാനിരിക്കുകയായിരുന്നു. എന്നാൽ ഇതുവരെ മന്ത്രാലയ ഉദ്യോഗസ്ഥരിൽ നിന്ന് അനുമതി ലഭിച്ചിട്ടില്ല. നിരാശയാണ്- അദ്ദേഹം പറഞ്ഞു.
ലോകകപ്പ് ടീമിനെ തിരഞ്ഞെടുക്കുന്നതിനുള്ള സഹായത്തിനായി 25 ദിവസത്തെ പരിശീലന ക്യാമ്പ് നടത്തിയ അന്ധ ക്രിക്കറ്റ് ടീം ഇപ്പോൾ ഡൽഹിയിൽ തങ്ങുകയാണ്. മന്ത്രാലയവുമായി താൻ ബന്ധപ്പെട്ടിട്ടുണ്ടെന്നും തീരുമാനത്തിൽ നിന്ന് പിന്മാറുമെന്ന് പ്രതീക്ഷിക്കുന്നതായും യാദവ് കൂട്ടിച്ചേർത്തു. ഇന്ത്യ തങ്ങളുടെ ടീമിനെ പാക്കിസ്ഥാനിലേക്ക് അയച്ചാലും ഇല്ലെങ്കിലും ഷെഡ്യൂൾ അനുസരിച്ച് പരിപാടി നടക്കുമെന്ന് പാകിസ്ഥാൻ കഴിഞ്ഞ ആഴ്ച പറഞ്ഞിരുന്നു.
ബ്ലൈൻഡ് ടി20 ക്രിക്കറ്റ് ലോകകപ്പിന്‍റെ നാലാം പതിപ്പാണ് നടക്കാന്‍ പോകുന്നത്. കഴിഞ്ഞ മൂന്ന് എഡിഷനുകളിലും ഇന്ത്യൻ ടീം വിജയിച്ചു. 2012ലും 2017ലും പാകിസ്ഥാനെ തോൽപ്പിച്ചാണ് ഇന്ത്യ കിരീടം നേടിയത്. അതേസമയം 2022ൽ ഇന്ത്യ ഫൈനലിൽ ബംഗ്ലാദേശിനെ പരാജയപ്പെടുത്തി കിരീടം ചൂടി.
Be the first to comment