രക്തം ദാനം ചെയ്യുന്നതിന് മുമ്പ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

രക്തം ദാനം ചെയ്യുക എന്നത് ഒരു മഹത്തായ കർമ്മം ആണ്. ഇത് അനേകരുടെ ജീവൻ രക്ഷിക്കാൻ സഹായിക്കും. പ്രായപൂർത്തിയായ ഏതൊരു വ്യക്തിക്കും സുരക്ഷിതമായി രക്തം ദാനം ചെയ്യാൻ കഴിയും. എന്നാൽ രക്തം ദാനം ചെയ്യുന്നതിന് ചില മാനദണ്ഡങ്ങൾ അറിഞ്ഞിരിക്കേണ്ടതുണ്ട്. ഇത് പിന്തുടരേണ്ടത് വളരെ പ്രധാനമാണ്. ഉദാഹരണത്തിന്, പുരുഷന്മാർക്ക് മൂന്ന് മാസത്തിലൊരിക്കൽ സുരക്ഷിതമായി രക്തം ദാനം ചെയ്യാൻ കഴിയും. അതേസമയം സ്ത്രീകളെ സംബന്ധിച്ച് നാല് മാസത്തിൽ ഒരിക്കലാണ് ഇത് സാധ്യമാവുക. 18 വയസ്സിനും 65 വയസ്സിനും ഇടയിൽ പ്രായമുള്ള ഏത് വ്യക്തിക്കും രക്തം ദാനം ചെയ്യാം.

രക്തം ദാനം ചെയ്യാൻ തയ്യാറാകുന്ന വ്യക്തി ശാരീരികമായും മാനസികമായും നല്ലആരോഗ്യവാനായിരിക്കണമെന്ന് ഡോ. ഹിമാൻഷു ലാംബ പറയുന്നു. ഒരു ദാതാവിൽ നിന്ന് ഒരു യൂണിറ്റ് രക്തം അതായത് 450 മില്ലി ലിറ്റർ രക്തം മാത്രമേ ശേഖരിക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി. രക്തദാനവുമായി ബന്ധപ്പെട്ട് അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെ കുറിച്ച് ഡോക്ടർ വിശദീകരിച്ചു. ഒരു രക്തദാതാവിന് ആവശ്യമായ ചില അടിസ്ഥാന കാര്യങ്ങൾ ചുവടെ നൽകിയിരിക്കുന്നവയാണ്. രക്തദാതാക്കളുടെ കുറഞ്ഞ പ്രായപരിധി 18 വയസ്സായിരിക്കണം. രക്തദാതാവിന് ശരീര ഭാരം തീരെ കുറവായിരിക്കരുത്, കുറഞ്ഞത് 55 കിലോഗ്രാം ഭാരം ഉണ്ടായിരിക്കണം എന്ന് ഡോ.ലാംബ പറയുന്നു. ഒരു വ്യക്തിയ്ക്ക് നിശ്ചിത ഇടവേള അടിസ്ഥാനമാക്കി രക്തം ദാനം ചെയ്യാവുന്നതാണ്. ഇടയ്ക്കിടെ രക്തം ദാനം ചെയ്യുന്നതിനുള്ള ഇടവേള പുരുഷൻമാർക്കും സ്ത്രീകൾക്കും വ്യത്യസ്തമായിരിക്കും. രക്തം ദാനം ചെയ്യുന്നതിന് പുരുഷന്മാരാർക്ക് 90 ദിവസത്തെയും സ്ത്രീകൾക്ക് 120 ദിവസത്തെയും ഇടവേള ഉണ്ടായിരിക്കണമെന്നാണ് വിദഗ്ദ്ധർ നിർദ്ദേശിക്കുന്നത്.

രക്തം ദാനം ചെയ്യുന്നതിനുമുമ്പ്, ദാതാവിന്റെ നാഡിമിടിപ്പ് (PULSE) 60-100 ബിപിഎമ്മിന് ഇടയിൽ ആയിരിക്കണം, അതേസമയം ഹീമോഗ്ലോബിന്റെ അളവ് 12.5​ഗ്രാം/ഡിഎൽ അല്ലെങ്കിൽ അതിൽ കൂടുതൽ ആയിരിക്കണം. രക്തദാതാവ് ശരിയായ ഉറക്കം ലഭിക്കുന്ന വ്യക്തി ആയിരിക്കണം. മതിയായ ഉറക്കം ലഭിക്കാത്ത ഒരു രാത്രി ഷിഫ്റ്റ് ജോലിക്കാരനാവരുതെന്നും ഡോക്ടർ പറയുന്നു.

ഉപവാസം പോലുള്ള ഏതെങ്കിലും വ്രതങ്ങൾ എടുത്തതിന്റെ തൊട്ടടുത്ത ദിവസം രക്തദാനം ചെയ്യാൻ തയ്യാറാവരുത്. രക്തം ദാനം ചെയ്യുന്നതിന് മുമ്പ് മദ്യം പോലെയുള്ള ലഹരികൾ ഉള്ളിൽ ചെന്നതിന്റെ ലക്ഷണങ്ങൾ ദാതാവ് കാണിക്കരുതെന്നും ഡോക്ടർ കൂട്ടിച്ചേർത്തു. ദാതാവിന് പകർച്ച വ്യാധികൾ എന്തെങ്കിലും ഉണ്ടെങ്കിൽ രക്തം നൽകാൻ തയ്യാറാവരുത്. പ്രത്യേകിച്ച് രക്തത്തിൽ കൂടി പകരുന്ന രോ​ഗങ്ങൾ ഉണ്ടെങ്കിൽ മറ്റൊരാൾക്ക് രക്തം നൽകുന്നത് ഒഴിവാക്കണം. ദാതാവിന് ഏതെങ്കിലും തരത്തിലുള്ള ശ്വാസകോശ സംബന്ധമായ രോ​ഗങ്ങൾ ഉണ്ടെങ്കിലും രക്തം ദാനം ചെയ്യരുത്.

Be the first to comment

Leave a Reply

Your email address will not be published.


*