ബിഎംഡബ്ല്യുവും ജാഗ്വറും നിരോധിത ചൈനീസ് ഉൽപ്പന്നങ്ങൾ ഉപയോഗിച്ചതായി കണ്ടെത്തൽ ; യുഎസ് കോൺഗ്രസ് റിപ്പോർട്ട്

ബിഎംഡബ്ല്യു, ജാഗ്വർ ലാൻഡ് റോവർ (ജെഎൽആർ), ഫോക്‌സ്‌വാഗൺ (വിഡബ്ല്യു) എന്നിവ നിരോധിത ചൈനീസ് കമ്പനികളുടെ ഉൽപ്പന്നങ്ങൾ ഉപയോഗിച്ചതായി കണ്ടെത്തൽ. നിർബന്ധിത തൊഴിലുമായി ബന്ധപ്പെട്ട് നിരോധനം നേരിടുന്ന ചൈനീസ് കമ്പനികളില്‍ നിർമ്മിച്ച ഭാഗങ്ങൾ വാഹനങ്ങളില്‍ ഉപയോഗിച്ചതായാണ് കണ്ടെത്തൽ. യുഎസ് കോൺഗ്രസിന്റെ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

യുഎസ് കോണ്‍ഗ്രസ് ഫിനാൻസ് കമ്മിറ്റി ചെയർമാൻ റോൺ വൈഡൻ്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ റിപ്പോർട്ടിലാണ് നിര്‍ണായക കണ്ടെത്തലുകള്‍. നിരോധിത ചൈനീസ് സ്ഥാപനമായ സിചുവാൻ ജിംഗ്‌വെയ്‌ഡ ടെക്‌നോളജി ഗ്രൂപ്പിൻ്റെ (ജെഡബ്ല്യുഡി) ഘടകങ്ങൾ ഉപയോഗിച്ച കുറഞ്ഞത് 8,000 ബിഎംഡബ്ല്യു മിനി കൂപ്പർ കാറുകൾ യുഎസിലേക്ക് ഇറക്കുമതി ചെയ്തതായി കണ്ടെത്തി. കമ്പനിയെ നിരോധിത പട്ടികയിൽ ഉൾപ്പെടുത്തിയതിന് ശേഷവും ജാഗ്വർ ഗ്വാർ ലാൻഡ് റോവർ ജെഡബ്ല്യുഡിയിൽ നിന്നുള്ള ഘടകങ്ങൾ ഉൾപ്പെടുന്ന സ്പെയർ പാർട്‌സ് ഇറക്കുമതി ചെയ്തതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

എന്നാൽ വിഷയത്തിൽ തുടർ നടപടികൾ സ്വീകരിക്കുമെന്ന് ബിഎംഡബ്ല്യു പറഞ്ഞു. “തൊഴിൽ സമ്പ്രദായങ്ങൾ, മനുഷ്യാവകാശങ്ങൾ, തൊഴിൽ സാഹചര്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് കർശനമായ മാനദണ്ഡങ്ങളും നയങ്ങളും തങ്ങൾക്ക് ഉണ്ട്. ഞങ്ങളുടെ എല്ലാ നേരിട്ടുള്ള വിതരണക്കാരും അവ പാലിക്കേണ്ടതുണ്ട്. വിഷയത്തിൽ ഉൾപ്പെട്ട ഉൽപ്പന്നങ്ങളുടെ ഇറക്കുമതി നിർത്താൻ നടപടികൾ കൈക്കൊണ്ടിട്ടുണ്ട്. പാർട്സ് ഉപയോഗിച്ച മോട്ടോർ വാഹനങ്ങളിൽ ഉപഭോക്താവിൻ്റെയും ഡീലറുടെയും അറിവോടെ ആവശ്യ സേവനങ്ങൾ നടത്തും,” ബിഎംഡബ്ല്യൂ വ്യക്തമാക്കി.

മനുഷ്യാവകാശങ്ങളും നിർബന്ധിത തൊഴിൽ പ്രശ്നങ്ങളും ഗൗരവമായി എടുക്കുന്നുവെന്ന് ജാഗ്വർ ലാൻഡ് റോവർ  പറഞ്ഞു. നിരോധിത കമ്പനികളുടെ ഘടകങ്ങൾ ഉൾപ്പെടുന്ന ലോകമെമ്പാടുമുള്ള സ്റ്റോക്കുകൾ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അവ നശിപ്പിക്കുകയാണെന്നും അവർ കൂട്ടി ചേർത്തു. എന്നാൽ വിഷയത്തിൽ ഫോക്‌സ്‌വാഗൺ ഇതുവരെ പ്രതികരിച്ചിട്ടില്ല. ഫെബ്രുവരിയിൽ ഫോക്‌സ്‌വാഗൺ തങ്ങളുടെ വാഹനങ്ങൾ അമേരിക്കയുടെ നിർബന്ധിത തൊഴിൽ വിരുദ്ധ നിയമങ്ങൾ ലംഘിക്കുന്ന ഘടകങ്ങൾ ഉൾപ്പെട്ടതിനാൽ അധികൃതർ തടഞ്ഞ് വെച്ചിരിക്കുകയാണെന്ന് പറഞ്ഞിരുന്നു. പോർഷുകളും ബെൻ്റ്‌ലികളും ഉൾപ്പെടെ ആയിരക്കണക്കിന് വാഹനങ്ങൾ ആണ് ഇത്തരത്തിൽ തടഞ്ഞ് വെച്ചിരിക്കുന്നത്.

വാഹന നിർമ്മാതാക്കളുടെ സ്വയം പോലീസിങ് അവരുടെ ജോലികൾ ചെയ്യുന്നില്ലെന്ന് ഡെമോക്രാറ്റ് സെനറ്റർ റോൺ വൈഡൻ ചൂണ്ടിക്കാട്ടി. ചൈനയിൽ നിന്നുള്ള നിർബന്ധിത തൊഴിലാളികളെ ഉപയോഗിക്കുന്നതിനെ പിന്തുണക്കുന്ന കമ്പിനികൾക്കെതിരെ നിയമനടപടി സ്വീകരിക്കാനും മുന്നോട്ട് പോവാനും യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ ഏജൻസിയോട് വൈഡൻ അഭ്യർത്ഥിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*