ഇന്ത്യയിലെ ഏറ്റവും വിലയേറിയ ഇലക്ട്രിക് ബൈക്ക് പുറത്തിറക്കി ബിഎംഡബ്ള്യു. സിഇ 04 എന്ന മോഡലാണ് ബിഎംഡബ്ള്യു ഇപ്പോൾ പുറത്തിറക്കിയത്. 14.90 ലക്ഷത്തിലാകും വണ്ടിയുടെ എക്സ് ഷോറൂം വില ആരംഭിക്കുന്നത്. വില്പന സെപ്റ്റംബറിൽ ആരംഭിക്കുമെന്നാണ് കമ്പനി അറിയിക്കുന്നത്.
42 എച്ച്പി പവറും 120 എൻഎം ടോർക്കും ലഭിക്കുന്ന മാഗ്നെറ്റ് ലിക്വിഡ് കോൾഡ് സിങ്ക്രോണസ് മോട്ടോറാണ് ബൈക്കിലുണ്ടാവുക. അതോടൊപ്പം 8.5 കിലോ വാട്ടുള്ള ബാറ്ററിയുമുണ്ടാകും. പൂജ്യത്തിൽ നിന്ന് 50 കിലോമീറ്റർ സ്പീഡിലേക്കെത്താൻ വണ്ടിക്ക് കേവലം 2.6 സെക്കൻഡ് സമയം മാത്രമേ ആവശ്യമുള്ളു. വണ്ടിയുടെ ഏറ്റവും കൂടിയ സ്പീഡ് 120 കിലോമീറ്റർ ആയിരിക്കും.
2.3 കിലോവാട്ട് ഹോം ചാർജറും കമ്പനി നൽകും. ഈ ചാർജർ ഉപയോഗിച്ച് പൂജ്യത്തിൽ നിന്ന് 80 ശതമാനം വരെ ചാർജ് ചെയ്യാൻ എടുക്കുന്ന സമയം 3 മണിക്കൂറും 30 മിനിറ്റുമാണ്. ഒരു തവണ മുഴുവൻ ചാർജ് ചെയ്താൽ 130 കിലോമീറ്റർ റേഞ്ച് ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ബിഎംഡബ്ള്യു സിഇ 04 ന്റെ സീറ്റ് ഉയരം 780 മില്ലിമീറ്ററാണ്. ഭാരം 231കിലോഗ്രാമും. 15 ഇഞ്ച് ടയറുകളുള്ള വണ്ടിയുടെ പിൻഭാഗത്ത് പ്രീ ലോഡ് അഡ്ജസ്റ്റബിൾ സസ്പെൻഷനാണ്. അതുകൂടാതെ ബിഎംഡബ്ള്യു മോട്ടോറാടിന്റെ എബിഎസ് സംവിധാനവും ഓട്ടോമാറ്റിക് സ്റ്റെബിലിറ്റി കോൺട്രോളും ഉണ്ടാകും.
ഹെഡ്‍ലൈറ്റും ടെയിൽ ലൈറ്റും ടേൺ ഇന്റിക്കേറ്ററുകളും എൽഇഡി ആയിരിക്കും. മാത്രവുമല്ല ഹാന്റിലിൽ 10.25 ഇഞ്ചിന്റെ ടിഎഫ്ടി സ്‌ക്രീനുമുണ്ട്. ഈ സ്‌ക്രീനുമായി ഒരു ഓൺ ബോർഡ് കമ്പ്യൂട്ടറും ഘടിപ്പിച്ചിരിക്കും. കാറിലുള്ളതിനു സമാനമായുള്ള ചാർജിങ് സംവിധാനവും, സ്റ്റോറേജ് കംപാർട്മെന്റുമുണ്ടാകും. വെൽക്കം ലൈറ്റ്, കീ ലെസ്സ് റൈഡ്, റിവേഴ്‌സ് എയ്ഡ്, സൈഡ് സ്റ്റാൻഡ് വിത്ത് പാർക്ക് ബ്രേക്ക് ആക്ടിവേറ്റർ എന്നീ ആഡംബര ഫീച്ചറുകളും വണ്ടിയിലുണ്ടാകും.
പലതരം പാക്കേജുകളിലായാണ് വണ്ടികൾ വരുന്നത്. അതിൽ ഹീറ്റ് ചെയ്യുന്ന ബാക് സപ്പോർട്ടുകള്ള പ്രത്യേക സീറ്റുകൾ എല്ലാ പാക്കേജുകളിലും ഉണ്ടാകില്ല.
Be the first to comment