യുവതിയുടെ മരണത്തില്‍ ദുരൂഹത; അച്ഛന്റെ മര്‍ദനമെന്ന് മകളുടെ മൊഴി; ചേര്‍ത്തലയില്‍ കല്ലറ പൊളിച്ച് പരിശോധന

ആലപ്പുഴ: ചേര്‍ത്തലയില്‍ വീട്ടമ്മയുടെ മരണത്തില്‍ ഭര്‍ത്താവിനെതിരെ അസ്വഭാവിക മരണത്തിന് കേസ് എടുത്തതിന് പിന്നാലെ കല്ലറ പൊളിച്ച് യുവതിയുടെ മൃതദേഹം പുറത്തെടുത്തു. ഞായറാഴ്ച സെന്റ് മേരീസ് ഫെറോന പള്ളി സെമിത്തേരിയില്‍ സംസ്‌കരിച്ച, ചേര്‍ത്തല പണ്ടകശാലപ്പറമ്പില്‍ സോണിയുടെ ഭാര്യ സജിയുടെ മൃതദേഹമാണ് പുറത്തെടുത്തത്. ഭര്‍ത്താവിന്റെ മര്‍ദനത്തെ തുടര്‍ന്നാണ് സജി മരിച്ചതെന്നാണ് ബന്ധുക്കളുടെ ആരോപണം.

വണ്ടാനം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മരണം സംഭവിച്ചതിനാല്‍ പോസ്റ്റുമോര്‍ട്ടം നടത്തിയിരുന്നില്ല. അച്ഛന്‍ മര്‍ദ്ദിക്കുന്നതിനിടെയാണ് സജി കെട്ടിടത്തില്‍ നിന്നും വീണ് പരിക്കേറ്റതെന്ന മകളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സോണിയെ പൊലീസ് കസ്റ്റഡിലെടുത്തത്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിരുന്നു.

തഹസില്‍ദാര്‍ കെആര്‍ മനോജ്, എഎസ്പി ഹരീഷ് ജയിന്‍ എന്നിവരുടെ നേതൃത്വത്തില്‍ പുറത്തെടുത്ത മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി വണ്ടാനം മെഡിക്കല്‍ കോളജിലേക്ക് മാറ്റും. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും സോണിക്കെതിരെ പൊലീസിന്റെ തുടര്‍നടപടികള്‍ ഉണ്ടാകുക.

ഭര്‍ത്താവ് സോണി കട നടത്തുകയാണ്. അവിടുത്തെ ജീവനക്കാരിയുമായിയുള്ള സോണിയുടെ അടുപ്പത്തെ തുടര്‍ന്ന് ദമ്പതികള്‍ പതിവായി വഴക്കിട്ടിരുന്നു. കഴിഞ്ഞ ദിവസം ഇതിനെ ചൊല്ലി ഇരുവരും വഴക്കിട്ടപ്പോഴാണ് സോണി സജിയെ ക്രൂരമായി മര്‍ദിച്ചത്. മര്‍ദനത്തില്‍ തലയ്ക്ക് സാരമായി പരിക്കേറ്റ യുവതിയെ അബോധാവസ്ഥയില്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. കെട്ടിടത്തില്‍ നിന്ന് വീണ് പരിക്കേറ്റതെന്നായിരുന്നു ഭര്‍ത്താവ് ആശുപത്രി അധികൃതരെ അറിയിച്ചത്.

Be the first to comment

Leave a Reply

Your email address will not be published.


*