ചികിത്സാ പിഴവെന്ന് ആരോപണം; മൃതദേഹം പുറത്തെടുത്ത് പരിശോധന

കല്‍പ്പറ്റ ഫാത്തിമ ആശുപത്രിയിൽ ചികിത്സയ്ക്കിടെ മരിച്ച യുവാവിൻ്റെ മൃതദേഹം നാലുദിവസത്തിന് ശേഷം പുറത്തെടുത്ത് പോസ്റ്റുമോർട്ടത്തിന് അയച്ചു. പുൽപ്പള്ളി ശശിമല ചോലിക്കര സ്വദേശി സ്റ്റെബിനാണ് നാലുനാൾ മുമ്പ് മരിച്ചത്. മൂക്കിലെ ദശ നീക്കം ചെയ്യാനുള്ള സർജറിക്കാണ് യുവാവ് ആശുപത്രിയിലെത്തിയത്. എന്നാൽ ശസ്ത്രക്രിയക്ക് ശേഷം യുവാവ് മരിക്കുകയായിരുന്നു. 

ഡിസംബർ ഒന്നിനാണ് സ്റ്റെബിന്റെ മരണം. മൂക്കിൽ വളർന്ന ദശ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യാൻ കൽപ്പറ്റ ഫാത്തിമ ആശുപത്രിയിലേക്ക് സ്വന്തം വണ്ടിയോടിച്ചായിരുന്നു സ്റ്റെബിൻ വന്നത്. എന്നാൽ സ്റ്റെബിൻ തിരികെ പോയത് ചേതനയറ്റ ശരീരവുമായാണ്. അനസ്തേഷ്യ നൽകിയതിലെ പിഴവെന്നാണ് കുടംബത്തിൻ്റെ ആരോപണം. എന്നാൽ ഹൃദയാഘാതമെന്നാണ് ആശുപത്രിയുടെ വിശദീകരണം. മരിച്ച ദിവസം പോസ്റ്റുമോർട്ടം നടത്താനോ പരാതിപ്പെടാനോ കുടുംബം തയ്യാറായിരുന്നില്ല. 

പിന്നീട് ചികിത്സാ പിഴവ് ആരോപിച്ച് ബന്ധുക്കൾ കൽപ്പറ്റ പൊലീസിൽ പരാതി നൽകുകയായിരുന്നു. പിന്നാലെ ശശിമല ഇന്‍ഫന്റ് ജീസസ് പള്ളി സെമിത്തേരിയില്‍ നിന്നും മൃതേദഹം പുറത്തെടുത്തു. വൈത്തിരി തഹസില്‍ദാര്‍ ആര്‍.എസ്. സജിയുടെ മേല്‍നോട്ടത്തിലായിരുന്നു നടപടികള്‍. ഇന്‍ക്വസ്റ്റിന് ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.

Be the first to comment

Leave a Reply

Your email address will not be published.


*