ന്യൂഡല്‍ഹി: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ സ്കോഡ ഓട്ടോ ഇന്ത്യയുടെ കോംപാക്ട് എസ് യുവി ശ്രേണിയില്‍ വരുന്ന കൈലാഖിന്റെ ബുക്കിങ് ഇന്ന് ആരംഭിക്കും. സ്കോഡയുടെ ആദ്യ സബ് ഫോര്‍ മീറ്റര്‍ എസ് യുവിയുടെ ബേസ് വേരിയന്റിന് 7.89 ലക്ഷം രൂപയാണ് വില വരിക. ബുക്കിങ് ആരംഭിച്ച ശേഷം കാറിന്റെ മുഴുവന്‍ വിലയും പരസ്യമാക്കും. ഇന്ത്യന്‍ വിപണി ലക്ഷ്യമിട്ട് MQB-A0-IN പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി, കുഷാഖിനും സ്ലാവിയയ്ക്കും ശേഷം തദ്ദേശീയമായി വികസിപ്പിച്ച സ്കോഡയുടെ മൂന്നാമത്തെ മോഡലാണ് കൈലാഖ്.
ആറ് കളര്‍ ഓപ്ഷനുകളിലാണ് കാര്‍ വിപണിയിലെത്തുക. ലാവ ബ്ലൂ, ടൊര്‍ണാഡോ റെഡ്, കാര്‍ബണ്‍ സ്റ്റീല്‍, ബ്രില്യന്റ് സില്‍വര്‍, കാന്‍ഡി വൈറ്റ് എന്നിവയ്ക്കൊപ്പം പുതിയ ഒലിവ് ഗോള്‍ഡും ഡെലിവറിയും കളര്‍ ഓപ്ഷനായി വരും. ഒറ്റ നോട്ടത്തില്‍ ഒരു മിനി കുഷാഖ് പോലെയാണ് ഇതിന്റെ രൂപഭംഗി. സബ്-ഫോര്‍ എസ്യുവിയായ കൈലാഖിന് കുഷാഖിന്റെ അത്രയും നീളമില്ല. 230 എംഎം നീളം കുറവാണ്. 17 ഇഞ്ച് അലോയ് വീലുമായാണ് വിപണിയില്‍ എത്തുക.
ഇരട്ട ഡിജിറ്റല്‍ സ്ക്രീനുകള്‍, പവേര്‍ഡ് ഡ്രൈവര്‍ സീറ്റ്, ലെതറില്‍ തീര്‍ത്ത അപ്ഹോള്‍സ്റ്ററി, കണക്റ്റഡ് കാര്‍ ടെക്നോളജി, ആംബിയന്റ് ലൈറ്റിങ്, ആറ് സ്പീക്കര്‍ കാന്റണ്‍ സൗണ്ട് സിസ്റ്റം എന്നിവയാണ് ഇന്റീരിയറിലെ ഹൈലൈറ്റുകള്‍. കൈലാഖിന്റെ എല്ലാ പതിപ്പുകള്‍ക്കും ആറ് എയര്‍ബാഗുകള്‍, EBD ഉള്ള ABS, ട്രാക്ഷന്‍ കണ്ട്രോള് പ്രോഗ്രാം, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടിങ് പോയിന്റുകള്‍, ഹെഡ്റെസ്റ്റുകള്, എല്ലാ യാത്രക്കാര്‍ക്കും മൂന്ന്-പോയിന്റ് സീറ്റ് ബെല്‍റ്റുകള്‍ എന്നിവ ലഭിക്കും.
ത്രീ സിലിണ്ടര്‍ 1.0 ടിഎസ്ഐ എന്‍ജിനാണ് കൈലാഖില്‍. 999 സിസി എന്ജിന് 115 എച്ച്പി കരുത്തും 178എന്‍എം പരമാവധി ടോര്‍ക്കും പുറത്തെടുക്കും. 6 സ്പീഡ് മാനുവല്‍/6 സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് ഓപ്ഷനുകളിലാണ് വാഹനം വിപണിയിലെത്തുക. പൂജ്യത്തില്‍ നിന്നും മണിക്കൂറില്‍ 100 കീലോമീറ്റര്‍ വേഗതയിലേക്ക് 10.5 സെക്കന്‍ഡില്‍ കുതിച്ചെത്തും.
Be the first to comment