ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ പാർട്ടി നേതൃസ്ഥാനത്തിന് വീണ്ടും ഭീഷണി.

ലണ്ടൻ: ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ പാർട്ടി നേതൃസ്ഥാനത്തിന് വീണ്ടും ഭീഷണി. പാർട്ടിയിലെ അവിശ്വാസപ്രമേയത്തിൽ ബുധനാഴ്ച വോട്ടെടുപ്പ് നടക്കും. എന്നാൽ വിവാദങ്ങൾക്ക് മുന്നിൽ സ്ഥാനമൊഴിയില്ലെന്ന് ബോറിസ് ജോൺസൺ വ്യക്തമാക്കി. കൺസർവേറ്റീവ് പാർട്ടിയിൽ ബോറിസിന്റെ നേതൃത്വം ചോദ്യം ചെയ്ത് കൂടുതൽ എംപിമാർ രംഗത്തെത്തിയതോടെയാണ് അവിശ്വാസം വോട്ടെടുപ്പിലേക്ക് നീങ്ങുന്നത്. ഒന്നാം കൊവിഡ് ലോക്ഡൗൺ സമയത്ത് ചട്ടം ലംഘിച്ച് ഔദ്യോഗിക വസതിയിൽ മദ്യ പാർട്ടി നടത്തിയ വിവരം പുറത്ത് വന്നതോടെയാണ് ബോറിസിനെതിരായ നീക്കങ്ങൾക്ക് തുടക്കമാകുന്നത്. മദ്യ വിരുന്നിൽ പങ്കെടുത്തെന്ന് സമ്മതിച്ച ബോറിസ് പാർലമെന്റിൽ ക്ഷമാപണം നടത്തിയെങ്കിലും പ്രതിപക്ഷവും ഭരണപക്ഷത്തിലെ ചിലരും രാജിയിൽ ഉറച്ചു നിന്നു. ഇതോടെ സംഭവത്തെ കുറിച്ച് അന്വേഷിക്കാനായി കമ്മീഷൻ രൂപീകരിച്ചു. ബോറിസിന്റെ വസതിയിൽ മാത്രമല്ല, മറ്റു മന്ത്രി മന്ദിരങ്ങളിലും സമാനമായ സൽക്കാരങ്ങൾ നടന്നെന്നും അതിൽ ബോറിസും പങ്കെടുത്തെന്നും അന്വേഷണ കമ്മീഷൻ കണ്ടെത്തി. ഈ റിപ്പോർട്ടിന്റെ പൂർണ രൂപം കഴിഞ്ഞ ആഴ്ചയാണ് പുറത്ത് വന്നത്. ഇതോടെയാണ് രാജി ആവശ്യം കൂടുതൽ ശക്തമായത്.

ബോറിസിന്റെ സ്വന്തം പാർട്ടിയിൽ നിന്നും രാജി ആവശ്യപ്പെട്ട് കൂടുതൽ വിമതർ രംഗത്തെത്തി. ഇതോടെ ബോറിസിന്റെ പിന്തുണ അറിയാൻ വോട്ടെടുപ്പ് നടത്താൻ കൺസർവേറ്റീവ് പാർട്ടി തീരുമാനിച്ചു. 25  പാർലമെന്റംഗങ്ങൾ ബോറിസിനെതിരെ പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്. കത്തെഴുതിയവരുടെ പേരുകൾ രഹസ്യമായി സൂക്ഷിക്കണമെന്നാണ് ചട്ടം. ഇക്കാരണത്താൽ തന്നെ എത്ര പേരാണ് ബോറിസിനെതിരെ കത്തെഴുതിയതെന്ന് വ്യക്തമല്ല.  വോട്ടെടുപ്പിൽ ഭൂരിപക്ഷം നഷ്ടമായാൽ ബോറിസിന് പാർട്ടി നേതൃസ്ഥാനം നഷ്ടമാകും. ഇതോടെ പ്രധാനമന്ത്രി സ്ഥാനവും ഒഴിയേണ്ടി വരും.

കൺസർവേറ്റീവ് പാർട്ടി ചട്ടം അനുസരിച്ച് 15 ശതമാനം പാർട്ടി എംപിമാർ ആവശ്യപ്പെട്ടാൽ വോട്ടെടുപ്പ് നടത്തണം. 650 അംഗ പാർലമെന്റിൽ 359 അംഗങ്ങളാണ് കൺസർവേറ്റീവ് പാർട്ടിക്കുള്ളത്. 54 പേർ കത്ത് നൽകിയാലെ വോട്ടെടുപ്പ് നിർബന്ധമാകൂ.  ഉടൻ വോട്ടെടുപ്പ് നടക്കുമെന്നാണ് റിപ്പോർട്ടുകൾ. പക്ഷെ ഇതുവരേ വോട്ടുപ്പ് സംബന്ധിച്ച് ഔദയോഗിക പ്രഖ്യാപനം വന്നിട്ടില്ല.  പിന്തുണ ഉറപ്പാക്കാൻ ബോറിസ് അനുകൂലികളും എതിർത്ത് വോട്ട് ചെയ്യാൻ വിമതരും എംപിമാർക്കിടയിൽ പ്രചാരണം നടത്തുന്നുണ്ട്.

ബോറിസ് ജോൺസ്ൺന്റെ സ്വന്തം പാർട്ടിക്കകത്തെ വോട്ടെടുപ്പായതിനാൽ പ്രതിപക്ഷമായ ലേബർ പാർട്ടിക്ക് ഇതിൽ ഒറു റോളും ഇല്ല. പക്ഷെ ബോറിസെനെതിരായ നീക്കങ്ങൾക്ക് പ്രതിപക്ഷത്തിന് ഈ അവിശ്വാസം കരുത്ത് പകരും. റഷ്യ യുക്രൈൻ യുദ്ധത്തിലെടുത്ത നിലപാടുമായി ബന്ധപ്പെട്ടും വർഷങ്ങളായി തുടരുന്ന ബ്രെക്സിറ്റ് നടപ്പാക്കൽ സംബന്ധിച്ചും ഇപ്പോൾ തന്നെ ബോറിസിനെതിരെ വിമർശനങ്ങൾ ഉണ്ട്. കൂടാതെ നിലവിലെ ആഗോള മാന്ദ്യവും എണ്ണ പ്രതിസന്ധിയും ബോറിസിനെതിരായ അവിസ്വാസ നീക്കത്തിൽ പ്രതിഫലിക്കും.

Be the first to comment

Leave a Reply

Your email address will not be published.


*