ബോക്സ് ഓഫീസ് കളക്ഷൻ ഗ്രാഫിനെ പോലും അമ്പരപ്പിച്ചുകൊണ്ടുള്ള കുതിപ്പാണ് നാഗ് അശ്വിന്റെ ബ്രഹ്മാണ്ഡ ചിത്രം ‘കൽക്കി 2898 എ ഡി’ നടത്തുന്നത്. സിനിമ റിലീസ് ചെയ്ത് നാലു ദിവസം പിന്നിടുമ്പോൾ 500 കോടിയും മറികടന്ന് ചിത്രം തേരോട്ടം തുടരുകയാണ് എന്നാണ് റിപ്പോർട്ടുകൾ. മൂന്നാം ദിവസം 415 കോടി കൽക്കി സ്വന്തമാക്കിയതായി ചിത്രത്തിന്റെ നിർമ്മാതാക്കളായ വൈജയന്തി മൂവീസ് ഔദ്യോഗികമായി അറിയിച്ചിരുന്നു.
ചരിത്രപരമായ നേട്ടങ്ങൾ സ്വന്തമാക്കിയ തെലുങ്ക് സിനിമകളുടെ പട്ടികയിൽ കൽക്കി ഇനി പ്രധാന സ്ഥാനം വഹിക്കും എന്നതിൽ സംശയമില്ല. സിനിമയിൽ പ്രധാന പങ്കുവഹിച്ച എല്ലാ താരങ്ങളും മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്. ആഗോളതലത്തിൽ മികച്ച പ്രതികരണമാണ് കൽക്കിയ്ക്ക് ലഭിക്കുന്നത്. മഹാഭാരത കഥയിലെ പ്രധാന ഏടും കൽക്കി അവതരിക്കുന്നു. 2898-ാം വർഷത്തെ ബന്ധിപ്പിച്ചുകൊണ്ട് ഒരുക്കിയ ചിത്രത്തിൽ സാങ്കേതിക മികവും എടുത്തു പറയേണ്ടത്.
പ്രഭാസിന്റെ മുഴുനീള പെർഫോമൻസ് കൂടാതെ അമിതാഭ് ബച്ചൻ, കമൽഹാസൻ, ദീപിക പദുക്കോൺ എന്നിവരും ചിത്രത്തിലെ നാഴികക്കല്ലുകളാണ്. കേരളത്തിലെ 285 സ്ക്രീനുകളിലാണ് കൽക്കി റിലീസ് ചെയ്തത്. പ്രമുഖ ബോക്സ് ഓഫീസ് ട്രാക്കർമാരായ സിനിട്രാക്കിൻറെ കണക്ക് പ്രകാരം ചിത്രം റിലീസ് ദിനത്തിൽ കേരളത്തിൽ നിന്ന് നേടിയിരിക്കുന്നത് 2.85 കോടിയാണ്. ചിത്രം ഏറ്റവുമധികം കളക്റ്റ് ചെയ്തിരിക്കുന്നത് തെലുങ്ക് സംസ്ഥാനങ്ങളിൽ നിന്നാണ്, സിനിട്രാക്കിന്റെ കണക്ക് പ്രകാരം 85.5 കോടിയാണ് തെലുങ്ക് സംസ്ഥാനങ്ങളിൽ നിന്ന് ആദ്യ രണ്ട് ദിനങ്ങളിൽ ചിത്രം നേടിയത്.
കർണാടകത്തിൽ നിന്ന് 15.5 കോടിയും തമിഴ്നാട്ടിൽ നിന്ന് 8.75 കോടിയും ആദ്യ രണ്ട് ദിനങ്ങളിൽ നിന്ന് ചിത്രം സ്വന്തമാക്കിയിട്ടുണ്ട്. ഉത്തരേന്ത്യയിൽ നിന്ന് 49.6 കോടിയും ചിത്രം നേടി. കൽക്കി ആദ്യദിനം ആഗോള ബോക്സ് ഓഫീസിൽ നിന്ന് 191.5 കോടി രൂപയാണ് നേടിയിരിക്കുന്നത്. ഇതോടെ ഇന്ത്യൻ സിനിമയിലെ മൂന്നാമത്തെ വലിയ ഓപ്പണർ ആയിരിക്കുകയാണ് ചിത്രം. 223 കോടി നേടിയ ആർആർആറും 217 കോടി നേടിയ ബാഹുബലി രണ്ടുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളിൽ.
Be the first to comment