പ്രഭാസിനെ നായകനാക്കി നാഗ് അശ്വിൻ സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം ‘കൽക്കി 2898 എഡി’ മികച്ച പ്രതികരണം

പ്രഭാസിനെ നായകനാക്കി നാഗ് അശ്വിൻ സംവിധാനം ചെയ്ത ബ്രഹ്മാണ്ഡ ചിത്രം ‘കൽക്കി 2898 എഡി’ എല്ലാ കോണുകളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സിനിമയുടെ ആവേശം പാൻ ഇന്ത്യൻ ലെവലും കടന്ന് വിദേശ രാജ്യങ്ങളിലേക്ക് പോലും പോയിരിക്കുന്നു. അതേസമയം കൽക്കി ആദ്യദിനം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 191.5 കോടി രൂപയാണ് നേടിയിരിക്കുന്നത്. ഇതോടെ ഇന്ത്യന്‍ സിനിമയിലെ മൂന്നാമത്തെ വലിയ ഓപ്പണര്‍ ആയിരിക്കുകയാണ് ചിത്രം.

223 കോടി നേടിയ ആര്‍ആര്‍ആറും 217 കോടി നേടിയ ബാഹുബലി രണ്ടുമാണ് ആദ്യ രണ്ട് സ്ഥാനങ്ങളില്‍.കൽക്കിയ്ക്ക് പോസിറ്റീവ് മൗത്ത് പബ്ലിസിറ്റി വന്നതോടെ വാരാന്ത്യത്തില്‍ ചിത്രം വന്‍ നേട്ടം ഉണ്ടാക്കുമെന്ന് ഉറപ്പായിരിക്കുകയാണ്. അതിനിടെയാണ് രണ്ടാം ദിനത്തിലെ ഇന്ത്യന്‍ ബോക്സോഫീസ് കണക്കുകള്‍ പുറത്തുവരുന്നത്. രണ്ടാം ദിനത്തില്‍ ആഭ്യന്തര ബോക്സോഫീസില്‍ ചിത്രത്തിന്‍റെ കളക്ഷന്‍ 54 കോടിയാണ് എന്നാണ് ട്രേഡ് അനലൈസ് സൈറ്റായ സാക്നില്‍ക് റിപ്പോര്‍ട്ട് ചെയ്യുന്നത്. വെള്ളിയാഴ്ച തെലുങ്ക് പതിപ്പ് 25.65 കോടി നേടി, തമിഴ് പതിപ്പ് 3.5 കോടി നേടി, ഹിന്ദി പതിപ്പ് 22.5 കോടി നേടി, കന്നഡ പതിപ്പ് 0.35 കോടിയാണ് നേടിയത്, മലയാളം പതിപ്പ് 2 കോടി നേടി.

ആദ്യദിനത്തില്‍ ‘കൽക്കി 2898 എഡി’ ഇന്ത്യന്‍ ബോക്സോഫീസില്‍ 95 കോടിയാണ് നേടിയിരുന്നത്. സിനിമയുടെ ശനി, ഞായര്‍ ദിവസങ്ങളിലെ കളക്ഷന്‍ കുത്തനെ കൂടും എന്നാണ് പ്രവചനം. 500 കോടി റിലീസ് വാരാന്ത്യം എന്ന ലക്ഷ്യം കല്‍ക്കി നേടിയേക്കും എന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ പ്രവചനം. അതേസമയം ചിത്രത്തിന്റെ ടിക്കറ്റുകൾ ചൂടപ്പം പോലെയാണ് വിറ്റു പോകുന്നത്. ആദ്യ ദിനത്തിൽ ബുക്ക് മൈ ഷോയിൽ 1.22 മില്യൺ ടിക്കറ്റുകളാണ് കൽക്കിയുടെ വിറ്റത്. രണ്ടാം ദിവസം പതിനൊന്നു ലക്ഷത്തിൽ കൂടുതൽ ടിക്കറ്റുകളാണ് വിറ്റത്.

മൂന്നാം ദിവസം ഇതുവരെ നാല്പത്തിയേഴായിരത്തിൽ കൂടുതൽ ടിക്കറ്റുകൾ വിറ്റു പോയിട്ടുണ്ട്. തെലുങ്ക് ഇൻഡസ്ട്രിയിലെ തന്നെ ഏറ്റവും വലിയ ബജറ്റിൽ ഒരുങ്ങിയ സിനിമയും സാങ്കേതികമായി മുന്നിട്ടു നിൽക്കുന്ന സിനിമയും കൂടിയാണ് കൽക്കി. മാത്രമല്ല ഇന്ത്യൻ സിനിമാ ചരിത്രത്തിൽ വ്യത്യസ്‍തമായ പരീക്ഷണങ്ങൾ സിനിമയിലൂടെ കൊണ്ട് വന്നിട്ടുമുണ്ട്. റിലീസിന് മുന്നേ തന്നെ ഹൈപ്പോടെ എത്തിയ സിനിമ നാലു വർഷത്തെ നിരവധി ആളുകളുടെ പ്രയത്‌നം കൂടിയാണ്. ബ്രഹ്മാണ്ഡ ചിത്രം എന്ന വാക്കിനോട് കൽക്കി നൂറു ശതമാനം നീതി പുലർത്തുന്നു എന്നാണ് ആരാധക പ്രതികരണം.

Be the first to comment

Leave a Reply

Your email address will not be published.


*