ബ്രഹ്മപുരത്തെ പുക ശമിക്കുന്നില്ല; ഇന്നും ശ്രമം തുടരും

കൊച്ചി ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീ അണയ്ക്കാനുള്ള ശ്രമം ഇന്നും തുടരും. ഇതിനായി 65-ഓളം ഹിറ്റാച്ചികൾ എത്തിച്ചിട്ടുണ്ട്. ഹെലികോപ്റ്ററിലൂടെ വെള്ളം തളിക്കുന്നുമുണ്ട്. എങ്കിലും കൊച്ചിയിലെ വിവിധയിടങ്ങളിൽ മാലിന്യപ്പുക വമിക്കുന്നത് ഇപ്പോഴും തുടരുകയാണ്. തീയണയ്ക്കാൻ വൈകുന്നതിനെതിരെ ഇന്ന് യുഡിഎഫ് കളക്ട്രേറേറ്റിലേക് പ്രതിഷേധ മാർച്ച് നടത്തും.

അതേസമയം, പ്രദേശത്തെ സാഹചര്യം കണക്കിലെടുത്ത് അവിടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്നും നാളെയും അവധി നൽകിയിട്ടുണ്ട്. കൊച്ചി കോർപ്പറേഷൻ, തൃക്കാക്കര, തൃപ്പുണിത്തുറ, മരട് നഗരസഭകളിലും വടവുകോട്- പുത്തൻകുരിശ്, കിഴക്കമ്പലം, കുന്നത്തുനാട്, പഞ്ചായത്തുകളിലുമാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. പ്രൊഫഷണൽ കോളജുകളടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.

വിവാദങ്ങൾക്കിടെ എൻഎസ്കെ ഉമേഷ് ഇന്ന് എറണാകുളം കളക്‌ടറായി ചുമതലയേൽക്കും. നിലവിൽ ചീഫ് സെക്രട്ടറിയുടെ സ്‌റ്റാഫ് ഓഫീസറായി പ്രവ‍ർത്തിച്ചു വരികയായിരുന്നു അദ്ദേഹം. എറണാകുളം കളക്‌ടറായിരുന്ന രേണുരാജിനെ വയനാട് ജില്ലയിലേക്ക് മാറ്റിയാണ് സ‍ർക്കാർ എൻഎസ്കെ ഉമേഷിന് പകരം ചുമതല നൽകിയിരിക്കുന്നത്.

ഇന്നലെ ഹൈക്കോടതിയിൽ നിന്നും രൂക്ഷവിമർശനം നേരിട്ടതിന് പിന്നാലെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ അടിയന്തരയോഗം ചേർന്ന് തീ കെടുത്താനുള്ള ഊർജ്ജിത നടപടികളിലേക്ക് സർക്കാർ കടന്നിരുന്നു. മാലിന്യ സംസ്കരണത്തിന് സംസ്ഥാനത്ത് അടിയന്തര മാസ്റ്റർ പ്ലാൻ വേണമെന്നാണ് ഇന്നലെ സർക്കാരിനോട് ഹൈക്കോടതി നിര്‍ദ്ദേശിച്ചത്. ഇതിനു പിന്നാലെയാണ് ബ്രഹ്മപുരത്തെ തീയും പുകയും എത്രയും വേഗം ശമിപ്പിക്കാൻ അടിയന്തര നടപടിയെടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനം. 

Be the first to comment

Leave a Reply

Your email address will not be published.


*