ഇക്കഴിഞ്ഞ മാർച്ച് രണ്ടിനാണ് എറണാകുളത്തെ ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽ അഗ്നിബാധ ഉണ്ടാവുന്നത്. അഗ്നിശമനസേനയ്ക്കു തീയണക്കാൻ കഴിഞ്ഞെങ്കിലും ഒരാഴ്ചക്കിപ്പുറവും കൊച്ചി നഗരം പുകയുകയാണ്. പ്ലാസ്റ്റിക് നിറഞ്ഞ മാലിന്യം കത്തുമ്പോൾ ഉണ്ടാകുന്ന അപകടകരമായ രാസപദാർത്ഥങ്ങളടങ്ങിയ പുക ആരോഗ്യത്തിനും പ്രകൃതിക്കും ഹാനികരമാണെന്ന കണ്ടെത്തലിനെത്തുടർന്നാണ് ലോകവ്യാപകമായി നിരവധി രാജ്യങ്ങളിൽ നിയമ നിർമ്മാണത്തിലൂടെ പ്ലാസ്റ്റിക് നിരോധനമേർപ്പെടുത്തിയിരിക്കുന്നതും.
എട്ടു ലക്ഷത്തോളം ജനങ്ങൾ തിങ്ങിപ്പാർക്കുന്ന കൊച്ചിയിൽ ഇന്ന് പുറത്തിറങ്ങണമെങ്കിൽ N95 മാസ്കുപയോഗിക്കാതെ നിവർത്തിയില്ല. വീടുകൾക്കുള്ളിൽ അടച്ചിരുന്നിട്ടും ശ്വാസ തടസ്സവും, കണ്ണെരിച്ചിലും കൊണ്ട് ബുദ്ധിമുട്ടുന്നുണ്ടെന്ന റിപ്പോർട്ടുകളാണ് കൊച്ചിയിൽ നിന്നും വന്നുകൊണ്ടിരിക്കുന്നത്.
ലോകത്തെവിടെയും ഉള്ള മുനിസിപ്പൽ ഖരമാലിന്യങ്ങളുടെ കണക്കു പരിശോധിച്ചാൽ 12 ശതമാനത്തിലധികവും പ്ലാസ്റ്റിക് വേസ്റ്റ് ആണെന്ന് യുണൈറ്റഡ് നേഷൻസിന്റെ (UN) പഠനം സാക്ഷ്യപ്പെടുത്തുന്നു. പ്ലാസ്റ്റിക് കത്തുമ്പോൾ അന്തരീക്ഷത്തിലേക്ക് പുറന്തള്ളപ്പെടുന്ന ഡയോക്സിൻ (Dioxin), ഫ്യുരാൻ (Furan), മെർക്കുറി (Mercury), പോളൈക്ലോറിനേറ്റഡ് ബൈഫെനിൽസ് (Polychlorinated Biphenyls, BCP) തുടങ്ങിയ വിഷവാതകങ്ങൾ പ്രകൃതിക്കും മനുഷ്യർക്കും മൃഗങ്ങൾക്കും മാരകമായ ദോഷങ്ങൾ ഉണ്ടാക്കുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്. ഹൃദ്രോഗ സാധ്യത കൂട്ടുക, ആസ്ത്മ തുടങ്ങിയ ശ്വാസകോശരോഗങ്ങൾ മൂർച്ഛിക്കുക, തലവേദന, ക്ഷീണം, ത്വക്‌രോഗങ്ങൾ തുടങ്ങി നാഡി ഞരമ്പുകളെ പോലും നശിപ്പിക്കാനുള്ള കഴിവുള്ള രാസപദാർത്ഥങ്ങളാണ് പ്ലാസ്റ്റിക് കത്തുന്ന പുകപടലം ശ്വസിക്കുന്നതിലൂടെ മനുഷ്യന്റെ ശരീരത്തിൽ എത്തുന്നത്. പ്ലാസ്റ്റിക് കത്തുമ്പോൾ ഉണ്ടാകുന്ന കറുത്ത പുക അഥവാ ബ്ലാക്ക് കാർബൺ (Black Carbon) കാലാവസ്ഥ വ്യതിയാനത്തിനും വായുമലിനീകരണത്തിനും കാരണമാകുന്നു.
ഒരിക്കൽ ശരീരത്തിനുള്ളിൽ പ്രവേശിച്ചാൽ ഡയോക്സിനുകളെ പുറന്തള്ളാൻ ബുദ്ധിമുട്ടാണ്. തൈറോയ്ഡ് ഗ്രന്ഥിയുടെ പ്രവർത്തനം തകരാറിലാക്കാനും, ശ്വസനസംബന്ധിയായ രോഗങ്ങൾ ഉണ്ടാക്കുവാനും ക്യാൻസറിന് കരണമാകാനും ഡയോക്സിനുകൾക്കു കഴിയും. പ്ലാസ്റ്റിക്കിലടങ്ങിയിരിക്കുന്ന ഫ്ത്താലെറ്റുകൾ (Phthalate) ആണ് മറ്റൊരു അപകടകരമായ രാസപദാർത്ഥം. ശരീരത്തിലെത്തുന്ന ഫ്ത്താലെറ്റുകൾക്കുണ്ടാക്കാൻ കഴിയുന്ന രോഗാവസ്ഥകൾ ഭയാനകമാണ്. ഹോർമോണുകളുടെ സന്തുലനം തകർക്കുന്ന ഇവ അലർജി, ആസ്ത്മ, സന്താനോല്പാദന വൈകല്യങ്ങൾ തുടങ്ങി തലമുറകളോളം നവജാത ശിശുക്കളെ പോലും അപകടകരമായ രോഗാവസ്ഥയിൽ കൊണ്ടെത്തിക്കാൻ കഴിവുള്ള ഒന്നാണ്.
കെടുകാര്യസ്ഥതയെന്ന് പറഞ്ഞു പഴിചാരിയത് കൊണ്ടോ, രാഷ്ട്രീയമായ കാരണങ്ങൾ പറഞ്ഞു നിസ്സാരവൽക്കരിക്കുന്നതു കൊണ്ടോ ബ്രഹ്മപുരത്തു സംഭവിച്ച സാമൂഹിക ദുരന്തം ഇല്ലാതാകുന്നില്ല. മനുഷ്യജീവനും മറ്റു ജീവജാലങ്ങൾക്കും പ്രകൃതിക്കു തന്നെയും ഏൽക്കേണ്ടിവന്ന മാപ്പർഹിക്കാത്ത ഈ കൊടും ക്രൂരതയ്ക്ക് കാരണക്കാരായവരെ മാതൃകാപരമായി ശിക്ഷിക്കുന്നതോടൊപ്പം തന്നെ ഇനിയൊരു ബ്രഹ്മപുരം ഉണ്ടാകാതിരിക്കാനുള്ള സംവിധാനങ്ങൾ സംസ്ഥാനത്തു നടപ്പാക്കേണ്ടത് സർക്കാരിൻറെ ഉത്തരവാദിത്വമാണ്.
Be the first to comment