കോപ്പ അമേരിക്കയിൽ ആദ്യ മത്സരത്തിന് ബ്രസീൽ നാളെയിറങ്ങും

ലോസ് ആഞ്ചലസ് : കോപ്പ അമേരിക്കയിൽ ആദ്യ മത്സരത്തിന് ബ്രസീൽ നാളെയിറങ്ങും. കോസ്റ്റോറിക്കയുമായി ഇന്ത്യൻ സമയം ചൊവ്വാഴ്ച്ച രാവിലെ 6.30നാണ് മത്സരം. സമീപ കാലത്തെ തിരിച്ചടികൾക്ക് കോപ്പയിലൂടെ ഒരു തിരിച്ച് മടക്കമാണ് ടീമിന്റെ ലക്ഷ്യം. ഖത്തർ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ ക്രൊയേഷ്യയോട് ഏറ്റ തോൽവി ആരാധകർക്കുണ്ടാക്കിയ വേദന മറികടക്കാനും ഒരു കപ്പ് അനിവാര്യമാണ്. 

ലോകകപ്പ് യോഗ്യത മത്സരങ്ങളിലടക്കം കഴിഞ്ഞ വർഷം തോൽവികൾ ഒരുപാട് കണ്ട ടീമാണ് ബ്രസീൽ. ലോകകപ്പ് യോഗ്യത റൗണ്ടിൽ ഉറുഗ്വായ്, അർജന്റീന ടീമുകളോട് തോറ്റതും ടീമിന് തിരിച്ചടിയായി. ഇതിന് പിറകിലായിരുന്നു സൂപ്പർ താരം നെയ്മറിന്റെ പരിക്കും. എന്നാൽ ഈ പ്രതിബന്ധങ്ങളെയെല്ലാം മറികടന്നുള്ള പ്ലാനാണ് പുതിയ പരിശീലകൻ ഡോറിവൽ ജൂനിയർ ഒരുക്കിയിട്ടുള്ളത്. നെയ്മറിന് പകരം റയൽ മാഡ്രിഡ് സൂപ്പർ താരം വിനീഷ്യസ് ജൂനിയറിനെ നായക പദവിയിലേക്കുമുയർത്തി. 

ബ്രസീൽ ഫുട്‍ബോളിന്റെ പുത്തൻ താരോദയമാകുമെന്ന് കരുതുന്ന എൻഡ്രിക്കിനെ അറ്റാക്കിങ്ങിലേക്ക് കൊണ്ട് വന്നു. 17കാരനായ ഈ അറ്റാക്കറെ ഈ അടുത്താണ് റയൽമാഡ്രിഡ് പൊന്നും വിലയ്ക്ക് ‘തൂക്കിയത്’. ലിവർപൂളിൽ തകർപ്പൻ ഫോമിലായിരുന്ന അല്ലിസൺ ഗോൾ വല കാക്കാനുള്ളതാണ് കാനറികളുടെ മറ്റൊരു ആശ്വാസം. മുൻ നിര ക്ലബുകളുടെ പ്രതിരോധ നിര താരങ്ങളും ധൈര്യത്തിനുണ്ട്. പിഎസ്ജിയുടെ മാർക്വിഞ്ഞോസും ആഴ്‌സണലിന്റെ ഗബ്രിയേൽ മഗാൽഹേയ്സും റയലിന്റെ ഏദർ മിലിറ്റാവോയുമുണ്ട്. 

മിഡ്ഫീൽഡിൽ വെസ്റ്റ്ഹാം യുനൈറ്റഡിന്റെ ലുകാസ് പക്വറ്റക്ക് പിന്തുണ നൽകാൻ മികച്ച താരങ്ങൾ മധ്യനിരയിൽ ഇല്ല എന്നത് ബ്രസീലിന് വെല്ലുവിളിയാകും. മുൻനിരയാണ് ബ്രസീലിന്റെ ഏറ്റവും വലിയ കരുത്ത്. റയലിന്റെ വിനീഷ്യസും റോഡ്രിഗോയും എൻഡ്രികും ചേരുന്ന മുന്നേറ്റ നിരയ്ക്ക് ഏതൊരു പ്രതിരോധ നിരയെയും മറികടക്കാനുള്ള കഴിവുണ്ട്. ഗ്രൂപ്പ് ഡിയിലാണ് ബ്രസീലുള്ളത്. കോസ്റ്റോറിക്കക്ക് പുറമെ പര്വഗായ്, കൊളംബിയ എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകൾ.

Be the first to comment

Leave a Reply

Your email address will not be published.


*