വംശീയാധിക്ഷേപം നടത്തിയ വലന്‍സിയ ആരാധകര്‍ക്കെതിരായ ശിക്ഷാ നടപടിയെ സ്വാഗതം ചെയ്ത് ബ്രസീല്‍ ഫുട്‌ബോള്‍ താരം വിനീഷ്യസ് ജൂനിയര്‍

മാഡ്രിഡ്: ലാലിഗ മത്സരത്തിനിടെ തനിക്കെതിരെ വംശീയാധിക്ഷേപം നടത്തിയ വലന്‍സിയ ആരാധകര്‍ക്കെതിരായ ശിക്ഷാ നടപടിയെ സ്വാഗതം ചെയ്ത് ബ്രസീല്‍ ഫുട്‌ബോള്‍ താരം വിനീഷ്യസ് ജൂനിയര്‍. വംശീയാധിക്ഷേപത്തിൽ മൂന്ന് പേരെയാണ് കുറ്റക്കാരെന്ന് കണ്ടെത്തിയയത്. എട്ടുമാസത്തെ ജയില്‍ശിക്ഷയാണ് മൂന്ന് പേർക്കും വിധിച്ചത്. കഴിഞ്ഞവര്‍ഷം നടന്ന ലാലിഗ മത്സരത്തിനിടെയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. സംഭവത്തിന് ശേഷം വിനീഷ്യസ് ജൂനിയർ ഗ്രൗണ്ടിൽ നിന്ന് പൊട്ടിക്കരയുന്ന രംഗവും ഉണ്ടായിരുന്നു.

‘സ്പാനിഷ് ചരിത്രത്തിലെ ആദ്യത്തെ ഈ ക്രിമിനല്‍ ശിക്ഷ എനിക്കുവേണ്ടിയുള്ളതല്ല, എല്ലാ കറുത്ത വര്‍ഗക്കാര്‍ക്കും വേണ്ടിയുള്ളതാണ്. ഞാന്‍ എപ്പോഴും പറയുന്നതുപോലെ, വംശീയതയുടെ ഇരയല്ല ഞാന്‍. മറിച്ച് വംശീയവാദികളുടെ അന്തകനാണ്. മറ്റുള്ള വംശീയ വാദികള്‍ പേടിച്ച്, നാണിച്ച് നിഴലുകള്‍ക്കുള്ളില്‍ മറഞ്ഞിരിക്കട്ടെ’, വിനീഷ്യസ് സാമൂഹിക മാധ്യമത്തില്‍ കുറിച്ചു.

കേസില്‍ സഹായിച്ച ലാലിഗയ്ക്കും റയല്‍ മാഡ്രിഡിനും വിനീഷ്യസ് നന്ദിയറിയിക്കുകയും ചെയ്തു. വലന്‍സിയ കോടതിയാണ് പ്രതികള്‍ക്ക് ശിക്ഷ വിധിച്ചത്. മൂവര്‍ക്കുമെതിരേ രണ്ടുവര്‍ഷത്തെ മത്സര സന്ദർശന വിലക്കും ചുമത്തിയിട്ടുണ്ട്. സ്പാനിഷ് ഫുട്‌ബോള്‍ സ്‌റ്റേഡിയത്തില്‍ വെച്ച് വംശീയാധിക്ഷേപം നടത്തിയതിന് ലഭിക്കുന്ന ആദ്യത്തെ ശിക്ഷയാണിത്. വംശീയതയ്‌ക്കെതിരായ പോരാട്ടത്തിന് ഉപകരിക്കുന്ന നല്ല വാര്‍ത്തയാണ് ഇതെന്ന് ലാലിഗ പ്രസിഡന്റ് ഹാവിയര്‍ ടെബാസ് വ്യക്തമാക്കി.

Be the first to comment

Leave a Reply

Your email address will not be published.


*