ഐസ്‌ക്രീമിനുള്ളില്‍ മനുഷ്യവിരല്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്

ഓണ്‍ലൈന്‍ ആയി യുവതി ഓര്‍ഡര്‍ ചെയ്ത ഐസ്‌ക്രീമില്‍ മനുഷ്യ വിരല്‍ കണ്ടെത്തിയ സംഭവത്തില്‍ നിര്‍ണായക കണ്ടെത്തലുമായി പോലീസ്. മലാഡ് സ്വദേശിയായ യുവതി തന്റെ സഹോദരന് വേണ്ടി ‘യമ്മോ’ എന്ന ഐസ്‌ക്രീം ബ്രാന്‍ഡില്‍ നിന്നും ഓണ്‍ലൈന്‍ ആയി ഓര്‍ഡര്‍ ചെയ്ത ഐസ്‌ക്രീമിലായിരുന്നു മനുഷ്യ വിരല്‍ കണ്ടെത്തിയത്.

സംഭവം പുറത്തറിഞ്ഞപ്പോള്‍ മുതല്‍ ഒരു മനുഷ്യവിരല്‍ എങ്ങനെ ഒരു ഐസ്‌ക്രീം പാക്കില്‍ ഉള്‍പ്പെട്ടു എന്നത് ദുരൂഹമായിരുന്നു. ഒപ്പം, മലാഡ് പോലീസ് അന്വേഷണവും ശക്തമാക്കി. ഒടുവില്‍, ആ വിരലിന്റെ ഉടമയെ പോലീസ് കണ്ടെത്തിയിരിക്കുകയാണ്. യമ്മോ ഐസ്‌ക്രീമിന്റെ പൂനെ ഫാക്ടറിയിലെ ജീവനക്കാരന്റെ വിരലാണ് ഐസ്‌ക്രീമില്‍ ഉണ്ടായിരുന്നതെന്നാണ് പോലീസ് കണ്ടെത്തല്‍. ഇയാളുടെ കൈവിരലിന് പരുക്കേറ്റതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്.

സംഭവം നടന്ന ദിവസം ഇയാള്‍ ഐസ്‌ക്രീം പാക്കിങ് സെക്ഷനില്‍ ജോലിക്കുണ്ടായിരുന്നതായും തെളിഞ്ഞിട്ടുണ്ട്. ഇവിടെ വച്ചു യന്ത്രത്തിനുള്ളില്‍ കൈവിരല്‍ അകപ്പെട്ട് ഉണ്ടായ അപകടമാണെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്. എന്നാല്‍, ഇയാളുടെ രക്തസാമ്പിളുകള്‍ ഡിഎന്‍എ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം ലഭിച്ച ശേഷമാകും അന്തിമമായി വിരല്‍ ഇയാളുടെ തന്നെയാണെന്ന് പോലീസ് സ്ഥീരീകരിക്കുക.

മലാഡ് സ്വദേശിയായ ഇരുപത്തിയേഴുകാരനായ ഓര്‍ലെം ബ്രെന്ദം സെറാവോയ്ക്കാണ് അറപ്പുളവാക്കുന്ന ഈ അനുഭവം ഉണ്ടായത്. തന്റെ സഹോദരി ഓര്‍ഡര്‍ ചെയ്ത് നല്‍കിയ ബട്ടര്‍ സ്‌കോച്ച് ഫ്ളേവറിലുള്ള കോണ്‍ ഐസ്‌ക്രീം കഴിച്ചു തുടങ്ങിയതിനു ശേഷമാണ് മനുഷ്യ വിരലിന്റെ സാന്നിധ്യം അദ്ദേഹം തിരിച്ചറിഞ്ഞത്. സെറാവോയുടെ സഹോദരി ഉടന്‍ തന്നെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസിന്റെ പ്രാഥമിക പരിശോധനയില്‍ ഐസ്‌ക്രീമില്‍ കണ്ടെത്തിയത് മനുഷ്യ വിരല്‍ തന്നെ എന്നു സ്ഥിരീകരിക്കുകയായിരുന്നു. അന്വേഷത്തിനായി വിരല്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിരിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*