2040ഓടെ സ്തനാര്‍ബുദ മരണം 10 ലക്ഷമാകാം; നാല്‍പ്പത് പിന്നിട്ടവര്‍ സ്വയം നിരീക്ഷിക്കണം

സ്ത്രീകളില്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യുന്ന അര്‍ബുദങ്ങളിലൊന്നാണ് സ്തനാര്‍ബുദം. സ്ത്രീകളിലെ അര്‍ബുദ മരണങ്ങളില്‍ മുന്‍പന്തിയിലും സ്തനാര്‍ബുദമുണ്ട്. ഉടനടി കൃത്യമായ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ 2040ഓടെ സ്തനാര്‍ബുദ മരണങ്ങള്‍ 10 ലക്ഷമാകാമെന്ന മുന്നറിയിപ്പ് നല്‍കുകയാണ് ലാന്‍സെറ്റ് ജേണലില്‍ അടുത്തിടെ പ്രസിദ്ധീകരിച്ച പഠന റിപ്പോര്‍ട്ട്.

സ്ത്രീകള്‍ സ്തനാരോഗ്യത്തില്‍ അധികശ്രദ്ധ കൊടുക്കണമെന്നും മാറ്റങ്ങള്‍ ശ്രദ്ധയില്‍പെടുന്നപക്ഷം ഉടന്‍ വിദഗ്‌ധോപദേശം സ്വീകരിക്കണമെന്നും പഠനം പറയുന്നു. സ്തനാര്‍ബുദത്തിൻ്റെ മുന്നറിയിപ്പ് ലക്ഷണങ്ങള്‍ തിരിച്ചറിയുന്നത് രോഗം മൂര്‍ച്ഛിക്കാതിരിക്കാന്‍ ഗുണകരമാകും. ലാന്‍സെറ്റ് കമ്മീഷൻ്റെ പുതിയ റിപ്പോര്‍ട്ട് പങ്കുവെയ്ക്കുന്നത് ആശങ്കാജനകമായ സ്തനാര്‍ബുദമരണ കണക്കുകളാണ്. 2020 വരെയുള്ള അഞ്ച് വര്‍ഷത്തിനിടയില്‍ ഏകദേശം 78 ലക്ഷം സ്ത്രീകള്‍ക്കു സ്തനാര്‍ബുദം സ്ഥിരീകരിക്കുകയും 68 ലക്ഷം സ്ത്രീകള്‍ക്കു ജീവന്‍ നഷ്ടമാകുകയും ചെയ്തു.

വിപുലമായ നിരീക്ഷണങ്ങള്‍, ചികിത്സ, അതിജീവന നിരക്ക് എന്നിവ ഉണ്ടായിട്ടും ചികിത്സയുടെ അപര്യാപ്തതയും അസമത്വവും റിപ്പോര്‍ട്ട് കാണിക്കുന്നു. താഴ്ന്ന- ഇടത്തരം വരുമാനമുള്ള രാജ്യങ്ങളെ ഈ വര്‍ധനവ് പ്രത്യേകിച്ച് ബാധിക്കാമെന്ന് കമ്മീഷന്‍ പറയുന്നു. സ്തനാര്‍ബുദത്തില്‍ ഏറ്റവും നിര്‍ണായകമാകുന്നത് നേരത്തേയുള്ള രോഗനിര്‍ണയംതന്നെയാണ്. രോഗം നേരത്തേ കണ്ടെത്തുന്നത് അതിജീവന സാധ്യതയും വര്‍ധിപ്പിക്കുന്നു. 40 വയസാകുന്നതോടെ സ്ത്രീകള്‍ സ്തനങ്ങള്‍ കൃത്യമായി നിരീക്ഷിക്കുകയും അസ്വാഭാവികമായി എന്തെങ്കിലും ശ്രദ്ധയില്‍ പെട്ടാല്‍ ഉടന്‍ വിദഗ്ധനിര്‍ദേശം സ്വീകരിക്കുകയും വേണം.

നാല്‍പ്പതുകള്‍ പിന്നിടുന്നതോടെയാണ് ഭൂരിഭാഗം പേരിലും സ്തനാര്‍ബുദ ലക്ഷണങ്ങള്‍ പ്രത്യക്ഷമാകുക. സ്തനത്തിൻ്റെ വലുപ്പത്തിലും ആകൃതിയിലും വ്യത്യാസം വരുക, തടിപ്പുകള്‍ പ്രത്യക്ഷമാകുക, മുലക്കണ്ണില്‍നിന്ന് അസ്വാഭാവികമായി എന്തെങ്കിലും പുറത്തേക്കുവരുക, സ്തനത്തിലെയും മുലക്കണ്ണിലെയും ചര്‍മത്തിലുണ്ടാകുന്ന വ്യത്യാസം, നീണ്ടുനില്‍ക്കുന്ന വേദന എന്നിങ്ങനെ വ്യത്യസ്ത ലക്ഷണങ്ങളാകും പ്രകടമാകുക. ഇതിലേതെങ്കിലും സൂചന കണ്ടാല്‍ ഉടന്‍ സ്തനാര്‍ബുദമാണെന്ന് തെറ്റിദ്ധരിക്കരുത്. ഡോക്ടറെ കണ്ട് അര്‍ബുദ ലക്ഷണമാണോയെന്ന് സ്ഥിരീകരിക്കണം.

Be the first to comment

Leave a Reply

Your email address will not be published.


*