ബ്രീത്ത് അനലൈസര്‍ പരിശോധന; കെഎസ്ആര്‍ടിസിയില്‍ വീണ്ടും നടപടി, 97 ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ മദ്യപിച്ചു ജോലി ചെയ്ത ജീവനക്കാര്‍ക്കെതിരെ വീണ്ടും നടപടി. 97 ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു. കൂടാതെ 40 താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിടുകയും ചെയ്തു. മദ്യപിച്ച് ഡ്യൂട്ടിക്കെത്തി, ഡ്യൂട്ടി സമയത്ത് മദ്യം സൂക്ഷിച്ചു എന്നീ കുറ്റങ്ങള്‍ക്കാണ് ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചത്. രണ്ടാഴ്ച്ചക്കിടെ നടത്തിയ പരിശോധനയിലായിരുന്നു നടപടി.

ഡ്യൂട്ടിക്കായെത്തുന്ന വനിതകള്‍ ഒഴികെയുള്ള മുഴുവന്‍ ജീവനക്കാരെയും ബ്രീത്ത് അനലൈസര്‍ ഉപയോഗിച്ച് പരിശോധിച്ച് ജീവനക്കാര്‍ മദ്യപിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തി മാത്രമെ ഡ്യൂട്ടിക്ക് നിയോഗിക്കാന്‍ പാടുള്ളൂവെന്ന ഗതാഗത മന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് പരിശോധന നടത്തിയത്.

നേരത്തെ 100 ജീവനക്കാര്‍ക്കെതിരെ നടപടിയെടുത്തിരുന്നു. സ്റ്റേഷന്‍ മാസ്റ്റര്‍, വെഹിക്കിള്‍ സൂപ്പര്‍വൈസര്‍ അടക്കമുള്ളവരെയായിരുന്നു മദ്യപിച്ച് ജോലിക്കെത്തിയതിന് പിടികൂടിയത്.

60 യൂണിറ്റുകളില്‍ നടത്തിയ പരിശോധനയില്‍ ഒരു സ്റ്റേഷന്‍ മാസ്റ്റര്‍, രണ്ട് വെഹിക്കിള്‍ സൂപ്പര്‍വൈസര്‍, ഒരു സെക്യൂരിറ്റി സര്‍ജന്റ്, 9 സ്ഥിരം മെക്കാനിക്ക്, ഒരു ബദല്‍ മെക്കാനിക്ക്, 22 സ്ഥിരം കണ്ടക്ടര്‍മാര്‍, 9 ബദല്‍ കണ്ടക്ടര്‍, ഒരു സ്വിഫ്റ്റ് കണ്ടക്ടര്‍, 39 സ്ഥിരം ഡ്രൈവര്‍മാര്‍, 10 ബദല്‍ ഡ്രൈവര്‍മാര്‍, അഞ്ച് സ്വിഫ്റ്റ് ഡ്രൈവര്‍ കം കണ്ടക്ടര്‍ എന്നിവര്‍ ഡ്യൂട്ടിക്ക് മദ്യപിച്ചെത്തിയതായി കണ്ടെത്തുകയായിരുന്നു.

 

Be the first to comment

Leave a Reply

Your email address will not be published.


*