ഡ്രൈവർക്ക് ബ്രെത്ത് അനലൈസര്‍ ടെസ്റ്റ്, യാത്രക്കാർ പറയുന്നിടത്ത് നിർത്തണം; കെഎസ്ആർടിസിയെ പുതുക്കാൻ പുതിയ ഉത്തരവ്

തിരുവനന്തപുരം: കെഎസ്ആർടിസിയെ പുതുക്കാൻ പുതിയ പരിഷ്കാരങ്ങളടങ്ങിയ ഉത്തരവ് ​ഗതാ​ഗത വകുപ്പ് പുറത്തിറക്കി. ഡ്രൈവര്‍മാര്‍ മദ്യപിച്ച് വണ്ടിയോടിക്കുന്നത് തടയുന്നതിന് ബ്രീത്ത് അനലൈസര്‍ ടെസ്റ്റ് നിര്‍ബന്ധമാക്കുന്നതാണ് ഇതിൽ പ്രധാനപ്പെട്ട തീരുമാനം.

ജോലിക്ക് കയറുന്നതിന് മുമ്പ് ഡ്രൈവര്‍മാര്‍ ബ്രീത്ത് അനലൈസര്‍ ടെസ്റ്റ് നിർബന്ധമായും നടത്തിയിരിക്കണം. കെഎസ്ആർടിസി ഡ്രൈവർമാരിൽ പലരും മദ്യപിച്ചാണ് ജോലിക്കെത്തുന്നതെന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് തീരുമാനം.

ബസില്‍ സീറ്റുണ്ടെങ്കില്‍ യാത്രക്കാര്‍ കൈ കാണിച്ചാല്‍ നിര്‍ത്തണം, രാത്രിയാണെങ്കില്‍ 10 മണി മുതല്‍ പുലര്‍ച്ചെ ആറ് വരെയുള്ള സമയങ്ങളില്‍ യാത്രക്കാര്‍ പറയുന്നിടത്ത് ബസ് നിര്‍ത്തണം, നിർത്തുന്ന സ്ഥലം യാത്രക്കാർക്ക് കാണുന്ന രീതിയിൽ എഴുതി പ്രദർശിപ്പിക്കണമെന്നും ഉത്തരവ്. മിന്നല്‍ സര്‍വീസുകള്‍ക്ക് ഒഴികെ ബാക്കി എല്ലാം സർവീസുകൾക്കും ഈ നിര്‍ദേശങ്ങള്‍ ബാധകമായിരിക്കും.

സ്ത്രീ സുരക്ഷ കണക്കിലെടുത്ത് രാത്രി 8 മണി മുതല്‍ രാവിലെ ആറ് വരെ മിന്നലൊഴികെയുള്ള എല്ലാ ബസുകളും സ്ത്രീകളാവശ്യപ്പെടുന്ന സ്ഥലങ്ങളില്‍ നിര്‍ത്തണം. ബസില്‍ കയറാനും ഇറങ്ങാനും ബുദ്ധിമുട്ടുള്ളവര്‍, ഭിന്നശേഷിക്കാര്‍, വയോജനങ്ങള്‍, കുട്ടികള്‍ എന്നിവരെ ബസില്‍ കയറാനും ഇറങ്ങാനും സഹായിക്കണം, യാത്രക്കാരുടെ പരാതികളില്‍ കൃത്യമായ ഇടപെടലുകളുണ്ടാകണം, നിരത്തിലെ മറ്റ് വാഹനങ്ങള്‍, ആളുകള്‍ എന്നിവരുടെ സുരക്ഷ കണക്കിലെടുത്ത് ബസ് ഓടിക്കണം, വൃത്തിയുള്ള ശുചിമുറികളുള്ള ഹോട്ടലുകളില്‍ മാത്രമേ ബസ് നിര്‍ത്താൻ പാടുള്ളൂ, സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും പ്രത്യേക ടോയ്‍ലറ്റ് ഉണ്ടെന്ന് ഉറപ്പിക്കണം, യാത്രക്കാര്‍ അന്നദാതാവാണെന്നും ഉത്തരവിൽ പറയുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*