ബ്രിജ് ഭൂഷണ്‍ സ്ഥിരം ലൈംഗിക കുറ്റവാളി, വ്യക്തമാക്കി പൊലീസ് എഫ്‌ഐആര്‍

ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ്‍ സ്ഥിരം ലൈംഗിക കുറ്റവാളിയെന്ന് വ്യക്തമാക്കി പൊലീസ് എഫ്‌ഐആര്‍. 15 തവണ ബ്രിജ് ഭൂഷണ്‍ ലൈംഗിക അതിക്രമത്തിന് മുതിര്‍ന്നതായി കണ്ടെത്തി. ജൂണ്‍ 5 ന് അയോധ്യയില്‍ വെച്ച് നടത്താനിരുന്ന ബ്രിജ് ഭൂഷണ്‍ ശക്തി പ്രകടന റാലി തല്‍ക്കാലത്തേക്ക് മാറ്റിവച്ചു.

പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടി ഉള്‍പ്പെടെ 7 വനിത താരങ്ങളാണ് ബി ജെ പി എം പി യും ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനുമായ ബ്രിജ് ഭൂഷണെതിരെ ലൈംഗീക പീഡന പരാതി നല്‍കിയത്. ഗുസ്തി താരങ്ങളുടെ പരാതികളാണ് ബ്രിജ് ഭൂഷണെതിരായ പൊലീസ് എഫ് ഐ ആറില്‍ ഉള്ളത്. ഫോട്ടോ എടുക്കാനെന്നെ പേരില്‍ ചേര്‍ത്തുനിര്‍ത്തി സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചുവെന്നാണ് പ്രായപൂര്‍ത്തിയാകാത്ത താരത്തിന്റെ പരാതിയിലെടുത്ത എഫ്‌ഐആറില്‍ പറയുന്നത്. പരിശീലനം നടത്തുന്ന താരത്തിന്റെ ജഴ്‌സി ഉയര്‍ത്തി ദേഹത്ത് സ്പര്‍ശിച്ചു. ഊണ് മേശയ്ക്ക് സമീപത്ത് വച്ച് ശരീര ഭാഗങ്ങളില്‍ സ്പര്‍ശിച്ചു. സഹോദരനൊപ്പം ഗുസ്തി ഫെഡറേഷന്‍ ഓഫിസില്‍ വന്ന താരത്തോട് സഹോദരനെ പുറത്തുനിര്‍ത്തി അകത്തു വരാനാവശ്യപ്പെട്ട ബ്രിജ് ഭൂഷണ്‍ ലൈംഗിക അതിക്രമത്തിന് മുതിര്‍ന്നു. വരിയില്‍ നില്‍ക്കവേ പിന്‍വശത്തുകൂടെ വന്ന് ബ്രിജ് ഭൂഷണ്‍ ദേഹത്ത് സ്പര്‍ശിച്ചു. പ്രകടനം മെച്ചപ്പെടുത്താന്‍ ആവശ്യമായ സപ്പ്‌ളിമെന്റ്‌സ് നല്‍കാമെന്ന് പ്രലോഭിപ്പിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചു. പല വര്‍ഷങ്ങളില്‍ പല സ്ഥലങ്ങളിലായി നടന്ന ലൈംഗീക അതിക്രമങ്ങളാണ് പൊലീസ് എഫ് ഐ ആറിലുള്ളത്.

അതിനിടെ ബ്രിജ് ഭൂഷന് വേണ്ടി ജന്‍ ചേതന മഹാറാലി എന്ന പേരില്‍ അയോധ്യയിലെ സന്യാസിമാര്‍ പ്രഖ്യാപിച്ചിരുന്ന റാലി മാറ്റി വെച്ചു. പോക്സോ കേസ് നിയമം ലഘൂകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് റാലി പ്രഖ്യാപിച്ചിരുന്നത്. പതിനായിരക്കണക്കിന് ആളുകളുടെ പിന്തുണയാണ് തനിക്ക് ലഭിക്കുന്നത്, എങ്കിലും തല്‍ക്കാലത്തേക്ക് ശക്തി പ്രകടനം മാറ്റിവയ്ക്കുന്നതായി ബ്രിജ് ഭൂഷണ്‍ വ്യക്തമാക്കി. കൊടും കുറ്റവാളി ആയിട്ടും ബ്രിജ് ഭൂഷണ്‍ എന്ന പ്രതി ഇപ്പോഴും താരങ്ങളെ പ്രകോപിപ്പിക്കുന്ന പ്രസ്താവനകളുമായി സമൂഹത്തില്‍ സ്വതന്ത്രമായി നടക്കുകയാണ്.

Be the first to comment

Leave a Reply

Your email address will not be published.


*