യുകെയിലേക്കുള്ള യാത്ര കടുക്കും; വിസാ നിരക്ക് കൂട്ടാനൊരുങ്ങി ബ്രിട്ടീഷ് സർക്കാർ

യുകെയിലേക്കുള്ള വിസ നിരക്ക് ഉയർത്താൻ ബ്രിട്ടീഷ് സർക്കാർ. ഒക്ടോബർ നാലുമുതലാണ് നിരക്കിൽ വർധനയുണ്ടാവുക. സന്ദർശന വിസ, സ്റ്റുഡന്റ് വിസ എന്നിവയുടെയെല്ലാം നിരക്ക് കൂടും. ഇതിൽ സ്റ്റുഡന്റ് വിസയുടെ നിരക്കാണ് കൂടുതൽ വർധിക്കുന്നത്. വെള്ളിയാഴ്ചയാണ് നിരക്ക് വർധന സംബന്ധിച്ച നിയമനിർമാണം പാർലമെന്റിൽ അവതരിപ്പിച്ചത്.

ആറുമാസത്തിൽ താഴെ കാലാവധിയുള്ള സന്ദർശന വിസയ്ക്ക് 1749 രൂപയും സ്റ്റുഡന്റ് വിസയ്ക്ക് 13,070 രൂപയുമാകും വർധിക്കുക. ഇതോടുകൂടി സന്ദർശന വിസയുടെ നിരക്ക് 11,835 രൂപയും സ്റ്റുഡന്റ് വിസകളുടേത് 50,427 രൂപയുമാകുമെന്ന് യു കെ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സർക്കാരിന്റെ കീഴിലുള്ള നാഷണൽ ഹെൽത്ത് സർവീസിലേക്ക് യുകെ വിസയ്ക്കായി അപേക്ഷിക്കുന്നവർ അടയ്ക്കുന്ന ഫീസിൽ വർധനവുണ്ടാകുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ജൂലൈയിൽ പ്രഖ്യാപിച്ചിരുന്നു. രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെ വേതന വർധനവ് നിറവേറ്റുന്നതിനായാണ് നടപടിയെന്നും സുനക് പറഞ്ഞിരുന്നു.

മിക്ക ജോലികളുടെയും സന്ദർശനത്തിനുള്ള വിസകളുടെയും നിരക്കിൽ 15 ശതമാനവും മുൻഗണനാ വിസകൾ, പഠന വിസകൾ, സ്‌പോൺസർഷിപ്പ് സർട്ടിഫിക്കറ്റുകൾ എന്നിവയുടെ നിരക്കിൽ കുറഞ്ഞത് 20 ശതമാനം വർധനയും ഉണ്ടാകുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. നിരക്ക് വർധന പാർലമെന്റിന്റെ അനുമതിക്കായി കാത്തുനിൽക്കുകയാണെന്നും ഒക്ടോബർ നാലോടെ നിലവിൽ വരുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. 

Be the first to comment

Leave a Reply

Your email address will not be published.


*