വേനല്‍ച്ചൂട് കടുത്തതോടെയാണ് ഇറച്ചികോഴിയുടെ വില പറപറക്കുന്നു

കൊച്ചി: ഇറച്ചിക്കോഴി വില ഗണ്യമായി ഉയര്‍ന്ന് 163 ലെത്തി. വേനല്‍ച്ചൂട് കടുത്തതോടെയാണ് ഇറച്ചികോഴിയുടെ വില ഉയര്‍ന്നുതുടങ്ങിയത്. പുതിയ റെക്കോര്‍ഡിലേക്കാണ് വില കുതിച്ചു കൊണ്ടിരിക്കുന്നത്. ചൂടുമൂലം ഫാമുകളില്‍ ഉല്പാദനം കുറഞ്ഞതാണ് വില വർധനവിന് പ്രധാനകാരണം. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള കോഴിവരവില്‍ ഗണ്യമായി കുറവുണ്ടായിട്ടുണ്ട്. കോഴിക്കുഞ്ഞുങ്ങളുടേയും തീറ്റയുടേയുമെല്ലാം വിലകൂടിയതോടെ നാട്ടിന്‍പുറങ്ങളിലെ ചെറുകിട ഫാമുകള്‍ പ്രവര്‍ത്തനം നിറുത്തിയതും ഉല്പാദനകുറവിന് മറ്റൊരു കാരണമാണ്.

വിവാഹ, ആദ്യകുര്‍ബാന സീസണ്‍ ആയതോടെ ഉപഭോഗം വർധിച്ചതും വില വർധനവിന് അനുകൂല സാഹചര്യമൊരുക്കി. സാധാരണ ഉപഭോക്താക്കള്‍ക്ക് പുറമെ ഹോട്ടല്‍നടത്തിപ്പുകാരും കാറ്ററിംഗ് സര്‍വ്വീസുകാരുമെല്ലാം കോഴിവില വർധിച്ചതിന്‍റെ പ്രത്യാഘാതം നേരിടുന്നുണ്ട്. വിലയില്‍ ഏകീകരണമില്ലാത്തതാണ് ഉപഭോക്താക്കള്‍ നേരിടുന്ന ഒരു പ്രശ്നം. ഓരോ സ്ഥലങ്ങളിലും ഓരോ കടകളിലും വ്യത്യസ്ത വില്‍പ്പനവിലയാണെങ്കിലും എല്ലാദിവസവും വർധനവുണ്ടാകുന്നതില്‍ വ്യത്യാസമില്ല.

പോർക്കിന് വില വർധിച്ചതോടെ ഇറച്ചിവില്‍പ്പനയിലെ പ്രതിസന്ധി ഇപ്പോഴും തുടരുകയാണ്. നിരവധി ഫാമുകള്‍ അടച്ചുപൂട്ടിയതും അയല്‍സംസ്ഥാനങ്ങളില്‍ നിന്നും പന്നിവരവ് കുറഞ്ഞതുമൂലവും ഉണ്ടായ വില വർധനവാണ് ഈ മേഖലയിലും തിരിച്ചടിയായത്. ഭൂരിപക്ഷം കടകളിലും പന്നി ഇറച്ചി വില്‍പ്പന നിറുത്തിവച്ചിട്ട് മാസങ്ങളായി. വിലവർധനവുമൂലം ആവശ്യക്കാരും ഗണ്യമായി കുറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*