അറസ്റ്റിനെ ചോദ്യം ചെയ്യ്ത് ബിആർഎസ് നേതാവ് ; കെ കവിത സുപ്രീം കോടതിയെ സമീപിച്ചു

ഡൽഹി: മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ തൻ്റെ അറസ്റ്റിനെ ചോദ്യം ചെയ്ത് ബിആർഎസ് നേതാവ് കെ കവിത സുപ്രീം കോടതിയെ സമീപിച്ചു. സഹോദരനും ബിആർഎസ് നേതാവുമായ കെടി രാമറാവു ഇഡി കസ്റ്റഡിയിലുള്ള കവിതയെ കണ്ടതിന് പിന്നാലെയാണ് നീക്കം. കോടതിയുടെ അനുമതി പ്രകാരമാണ് കെ ടി രാമറാവു കവിതയെ കണ്ടതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തു നിൽക്കെ മണിക്കൂറുകൾ നീണ്ട റെയ്ഡിനൊടുവിലാണ് കവിതയെ ഹൈദരാബാദിലെ ബഞ്ചാര ഹിൽസിലെ വസതിയിൽ നിന്ന് ഇഡി അറസ്റ്റ് ചെയ്തത്. മാർച്ച് 23 വരെ കവിതയെ ഇഡി കസ്റ്റഡിയിൽ വിട്ടു. കഴിഞ്ഞ പത്തുവർഷമായി ബിജെപി അധികാര ദുർവിനിയോഗം നടത്തുകയാണെന്നും രാഷ്ട്രീയ പകപോക്കലിനായി കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുകയാണെന്നും കവിതയുടെ സഹോദരനും മുൻ തെലങ്കാന മന്ത്രിയുമായ കെ ടി രാമറാവു കുറ്റപ്പെടുത്തിയിരുന്നു.

മാർച്ച് 19-ന് കേസ് പുനഃപരിശോധിക്കാനിരിക്കെ തിടുക്കത്തിൽ അറസ്റ്റ് നടത്തിയതെന്തിനെന്ന് ഇഡി സുപ്രീം കോടതിയെ ബോധിപ്പിക്കേണ്ടി വരുമെന്നും ഇഡി നടപടിക്കെതിരെ നിയമപരമായി പോരാടുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

 

Be the first to comment

Leave a Reply

Your email address will not be published.


*