‘ഇന്ത്യ-ബംഗ്ലാദേശ് അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റം തടയാൻ തേനീച്ചക്കൂട്’; ബി.എസ്.എഫ് പദ്ധതി ഫലപ്രദം

നുഴഞ്ഞുകയറ്റം തടയാൻ തേനീച്ച വളര്‍ത്തലുമായി അതിര്‍ത്തിരക്ഷാസേന. ഇന്ത്യ- ബംഗ്ലാദേശ് അന്താരാഷ്ട്ര അതിര്‍ത്തിയില്‍ 46 കിലോമീറ്റര്‍ വേലിയിലാണ് തേനീച്ചക്കൂടുകള്‍ സ്ഥാപിച്ചത്. ബി.എസ്.എഫിന്റെ 32-ാം ബെറ്റാലിയന്‍ ആണ് ഇവിടെ അതിര്‍ത്തികാക്കുന്നത്. ഇതോടെ നുഴഞ്ഞുകയറ്റം കുറഞ്ഞുവെന്നാണ് വിലയിരുത്തല്‍.

തേനീച്ച വളര്‍ത്തല്‍ ആരംഭിച്ചതോടെ അതിര്‍ത്തി കടന്നെത്തുന്ന മോഷ്ടാക്കളുടേയും പിടിച്ചുപറിക്കാരുടേയും ശല്യത്തില്‍ കുറവുണ്ടെന്ന് നാട്ടുകാരും പറയുന്നു. പശ്ചിമബംഗാളില്‍ ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്ന 46 കിലോമീറ്റര്‍ ദൂരത്തിലാണ് ബി.എസ്.എഫ്. തേനീച്ച കൂടുകള്‍ സ്ഥാപിച്ചത്.

കാലിക്കടത്തടക്കം നേരത്തെ അതിര്‍ത്തിവഴി നടത്തിയിരുന്നു. തേനീച്ചകളെ സ്ഥാപിച്ചതോടെ ഇത് ഏതാണ്ട് ഇല്ലാതായെന്നാണ് ബി.എസ്.എഫ്. സാക്ഷ്യപ്പെടുത്തുന്നത്. ബംഗ്ലാദേശികള്‍ വേലി മുറിച്ച് ഇന്ത്യയിലേക്ക് നിയമവിരുദ്ധമായി നുഴഞ്ഞുകയറുന്നതിന് തടയിടാന്‍ വഴികള്‍ തേടിയതിന് ഒടുവിലാണ് ഇത്തരമൊരു ആശയം ശ്രദ്ധയില്‍പ്പെട്ടതെന്ന് കമാന്‍ഡന്റ് സുജീത് കുമാര്‍ പറഞ്ഞു.

വിരമിച്ചാല്‍ ജവാന്മാര്‍ക്ക് തേനീച്ച വളര്‍ത്തല്‍ വരുമാനമാര്‍ഗമായി സ്വീകരിക്കാന്‍ കൂടെ ഇത് പ്രാപ്തമാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കേന്ദ്രസര്‍ക്കാരിന്റെ വൈബ്രന്റ് വില്ലേജ് സംരംഭത്തില്‍ ഉള്‍പ്പെടുത്തി കഴിഞ്ഞ നവംബര്‍ മുതലാണ് തേനീച്ചക്കൂട് സ്ഥാപിക്കാന്‍ ആരംഭിച്ചത്.

Be the first to comment

Leave a Reply

Your email address will not be published.


*