
ഒരു കാലത്ത് മോശം നെറ്റ് വർക്ക് കാരണം ബിഎസ്എൻഎൽ ഒരുപാട് പഴി കേട്ടിരുന്നു. എന്നാൽ ഇപ്പോൾ അതൊക്കെ പഴങ്കഥ ആകുകയാണ്. ഇനി മുൻപത്തെക്കാൾ വേഗതയിൽ കേരളത്തിൽ പലയിടത്തും ബിഎസ്എൻഎൽ ഡാറ്റ സേവനങ്ങൾ ലഭ്യമാകും. കാരണം കേരളത്തിലെ 5000 ബിഎസ്എൻഎൽ ടവറുകളിൽ തദ്ദേശീയ 4ജി ടെക്നോളജി ഇൻസ്റ്റാൾ ചെയ്തതായി ബിഎസ്എൻഎൽ കേരള ഔദ്യോഗികമായി അറിയിച്ചിരിക്കുന്നു. ഈ 5000 ടവറുകൾക്ക് കീഴിൽ വരുന്ന പ്രദേശങ്ങളിലെ ഉപയോക്താക്കൾക്ക് ഇനി മികച്ച വേഗതയിൽ ഡാറ്റാ സേവനങ്ങൾ ആസ്വദിക്കാം.
രാജ്യവ്യാപകമായി ഇതിനകം 65000 4ജി ടവറുകൾ പ്രവർത്തനക്ഷമമായിട്ടുണ്ട് എന്നാണ് റിപ്പോർട്ട്. ആകെ ഒരുലക്ഷം സൈറ്റുകളിൽ 4ജി അവതരിപ്പിക്കാനാണ് ബിഎസ്എൻഎൽ ടിസിഎസ് നേതൃത്വത്തിലുള്ള കൺസോർഷ്യത്തിന് കരാർ നൽകിയിരിക്കുന്നത്. ഇതിൽ ഇനി പൂർത്തിയാക്കാൻ അവശേഷിക്കുന്നത് 35000ൽ താഴെ മാത്രം ടവറുകളാണ്. ഈ വർഷം ജൂണോടുകൂടി 4ജി വ്യാപനം പൂർത്തിയാക്കും എന്നാണ് ടിസിഎസ് അധികൃതരും ബിഎസ്എൻഎൽ അധികൃതരും ഉറപ്പുനൽകിയിട്ടുള്ളത്.
ഇന്ത്യയിലേതല്ല ലോകത്തിലെ തന്നെ ഏറ്റവും കുറഞ്ഞ നിരക്കിൽ 4ജി സേവനങ്ങൾ വാഗ്ദാനം ചെയ്യുന്ന ടെലിക്കോം കമ്പനിയാണ്ബിഎസ്എൻഎൽ. എന്നാൽ രാജ്യവ്യാപകമായി ബിഎസ്എൻഎൽ 4ജി എത്തിയിട്ടില്ലാത്തതിനാൽ ഭൂരിഭാഗം പേർക്കും അത് ഫലപ്രദമായി ഉപയോഗപ്പെടുത്താൻ കഴിഞ്ഞിരുന്നില്ല. ഇപ്പോൾ കേരളത്തിൽ 5000 ടവറുകളിൽ ബിഎസ്എൻഎൽ 4ജി എത്തിയതോടെ ഇതിന് കീഴിൽ വരുന്ന ബിഎസ്എൻഎൽ വരിക്കാർക്ക് മികച്ച വേഗതയിലും കുറഞ്ഞ നിരക്കിലും ഡാറ്റാ സേവനങ്ങൾ ആസ്വദിക്കാൻ കഴിയും. 4ജി വ്യാപനം പൂർത്തിയാകുന്ന മുറയ്ക്ക് ജൂലൈയോടുകൂടി 5ജി സേവനങ്ങൾ തുടങ്ങാനുള്ള തയാറെടുപ്പുകളും ബിഎസ്എൻഎൽ സമാന്തരമായി നടത്തിവരുന്നുണ്ട്.
Be the first to comment