മദ്യത്തിന് ഇന്നു മുതൽ വില കൂടും, ബജറ്റ് നിർദേശത്തിലെ നിരക്ക് വർധന നിലവിൽ വന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ബജറ്റ് നിർദേശത്തിലെ നിരക്ക് വർധന നിലവിൽ വന്നു. ക്ഷേമ പെൻഷനുകൾ നൽകാൻ പണം കണ്ടെത്താനായി ബജറ്റിൽ പ്രഖ്യാപിച്ച 2 രൂപ സെസാണ് നിലവിൽ വന്നത്. പെട്രോളിനും ഡീസലിനും രണ്ടു രൂപ വീതം കൂടി. മദ്യത്തിന്റെ വിലയും ഇന്നു മുതൽ കൂടും. ഭൂമിയുടെ ന്യായവിലയിൽ 20 ശതമാനം വർധനയും പ്രാബല്യത്തിൽ വന്നു. റോഡ് സുരക്ഷാ സെസ് വർധനയും നിലവിൽ വന്നു. ഇരുചക്ര വാഹനങ്ങൾക്ക് 50 ആയിരുന്നത് 100 രൂപയായി. കാറുകൾക്ക് 100 രൂപയായിരുന്നത് 200 ആയി. മദ്യത്തിന് ഒരു കുപ്പിക്ക് 40 രൂപവരെയാണ് കൂടിയത്. 500 മുതൽ 999 രൂപവരെയുള്ള മദ്യത്തിന് 20 രൂപ, 1000ന് മുകളിൽ വിലയുള്ളവയ്ക്ക് 40 രൂപ കൂടി. ഭൂമി ന്യായവിലയിൽ ഇന്ന് മുതൽ 20% വർധന. ആനുപാതികമായി റജിസ്ട്രേഷൻ ചെലവ് കൂടും.

പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധത്തിനിടെയാണ് ബജറ്റ് നിർദേശങ്ങൾ നിലവിൽ വന്നത്. ജനദ്രോഹ നികുതികൾക്കെതിരെ സംസ്ഥാന വ്യാപകമായി യുഡിഎഫ് ഇന്നു കരിദിനം ആചരിക്കും. മുഴുവൻ പഞ്ചായത്തിലും നഗരങ്ങളിലും പകൽസമയത്ത് യുഡിഎഫ് പ്രവർത്തകർ കറുത്ത ബാഡ്ജ് ധരിച്ച് കരിങ്കൊടി ഉയർത്തി പന്തം കൊളുത്തി പ്രതിഷേധിക്കും. യുഡിഎഫ് ജില്ലാ കമ്മറ്റികളുടെ നേതൃത്വത്തിൽ എല്ലാ ജില്ലകളിലും പ്രതിഷേധം സംഘടിപ്പിക്കും.

Be the first to comment

Leave a Reply

Your email address will not be published.


*