ബുമ്രക്ക് 6 വിക്കറ്റ്, രോഹിത് ശർമക്ക് ഫിഫ്റ്റി; ഇന്ത്യക്ക് 10 വിക്കറ്റ് ജയം

ഓവല്‍: ജസ്പ്രീത് ബുമ്രയും മുഹമ്മദ് ഷമിയും പന്തുകൊണ്ടും രോഹിത് ശർമ്മയും ശിഖർ ധവാനും ബാറ്റുകൊണ്ടും മറുപടി നല്‍കിയപ്പോള്‍ ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് ആവേശ ജയത്തുടക്കം. ഓവലിലെ ആദ്യ ഏകദിനത്തില്‍ ഇംഗ്ലണ്ടിന്‍റെ 110 വിക്കറ്റ് പിന്തുടർന്ന ഇന്ത്യ 18.4 ഓവറില്‍ 10 വിക്കറ്റിന്‍റെ ജയം സ്വന്തമാക്കി. ഓപ്പണർമാരായ രോഹിത് 58 പന്തില്‍ 76* ഉം ധവാന്‍ 54 പന്തില്‍ 31* ഉം റണ്ണുമായി പുറത്താകാതെ നിന്നു. നേരത്തെ ബൗളിംഗില്‍ ബുമ്ര ആറും ഷമി മൂന്നും വിക്കറ്റ് വീഴ്ത്തിയിരുന്നു. 

ജസ്പ്രീത് ബുമ്രക്കൊപ്പം മുഹമ്മദ് ഷമിയും ആഞ്ഞെറിഞ്ഞപ്പോള്‍ ഓവല്‍ ഏകദിനത്തില്‍ ഇംഗ്ലണ്ട് 25.2 ഓവറില്‍ വെറും 110 റണ്ണില്‍ പുറത്തായി. ബുമ്ര 7.2 ഓവറില്‍ 19 റണ്ണിന് ആറും ഷമി 7 ഓവറില്‍ 31 റണ്ണിന് മൂന്നും വിക്കറ്റ് നേടി. ജേസന്‍ റോയ്(0), ജോണി ബെയ്ർസ്റ്റോ(7), ജോ റൂട്ട്(0), ലിയാം ലിവിംഗ്സ്റ്റണ്‍(0), ഡേവിഡ് വില്ലി(21), ബ്രൈഡന്‍ കാർസ്(15) എന്നിവരെയാണ് ബുമ്ര പുറത്താക്കിയത്. ഇതില്‍ നാല് പേർ ബൗള്‍ഡാവുകയായിരുന്നു. ബെന്‍ സ്റ്റോക്സ്(0), ജോസ് ബട്‍ലർ(30), ക്രൈഗ് ഓവർട്ടന്‍(8) എന്നിവരെയാണ് ഷമി മടക്കിയത്. ബട്‍ലറാണ് ഇംഗ്ലണ്ടിന്‍റെ ടോപ് സ്കോറർ. 14 റണ്ണെടുത്ത മൊയീന്‍ അലിയെ പ്രസിദ്ധ് കൃഷ്ണ മടക്കി. ആറാം തവണ മാത്രമാണ് ഒരു ഏകദിനത്തില്‍ ഇന്ത്യന്‍ പേസർമാർ 10 വിക്കറ്റും വീഴ്ത്തുന്നത്. 

ബുമ്രയും ഷമിയും തുടക്കത്തിലെ കൊടുങ്കാറ്റായപ്പോള്‍ ഓവലിലെ സ്വന്തം മണ്ണില്‍ ഇംഗ്ലണ്ട് നാണംകെടുകയായിരുന്നു. ആദ്യ 10 ഓവറില്‍ വെറും 30 റണ്‍സാണ് ഇംഗ്ലണ്ടിന് സ്കോർ ബോർഡില്‍ ചേർക്കാനായത്. 26 റണ്ണിനിടെ അഞ്ച് വിക്കറ്റ് നഷ്ടമാവുകയും ചെയ്തു. ആദ്യ സ്പെല്ലില്‍ അഞ്ച് ഓവർ എറിഞ്ഞ ബുമ്ര രണ്ട് മെയ്ഡനടക്കം 9 റണ്‍സ് മാത്രം വഴങ്ങി നാല് ഇംഗ്ലീഷ് ബാറ്റർമാരെ പുറത്താക്കി. അതേസമയം മുഹമ്മദ് ഷമി നാല് ഓവറില്‍ 19 റണ്ണിന് ഒരു വിക്കറ്റും സ്വന്തമാക്കി. പവർപ്ലേയില്‍ ഒരോവർ എറിഞ്ഞ ഹാർദിക് പാണ്ഡ്യ ഒരു റണ്ണേ വിട്ടുകൊടുത്തുള്ളൂ.

ഇംഗ്ലണ്ടില്‍ വച്ച് ഒരു ഏകദിനത്തില്‍ ആറ് വിക്കറ്റുകള്‍ വീഴ്ത്തുന്ന ആദ്യ ഇന്ത്യന്‍ പേസറാണ് ജസ്പ്രീത് ബുമ്ര. ഇതോടൊപ്പം ഏകദിന ചരിത്രത്തില്‍ ഇന്ത്യന്‍ താരത്തിന്‍റെ ഏറ്റവും മികച്ച മൂന്നാമത്തെ ബൗളിംഗ് പ്രകടനം എന്ന റെക്കോർഡും ബുമ്ര കൈവശമാക്കി. അതോടൊപ്പം ഇംഗ്ലണ്ടിലെ മികച്ച ഏകദിന ബൗളിംഗ് പ്രകടനങ്ങളില്‍ നാലാം സ്ഥാനത്തെത്താനും ഇന്ത്യന്‍ പേസർക്കായി. ഓവലില്‍ 19 റണ്ണിന് ബുമ്ര സ്വന്തമാക്കിയ ആറ് വിക്കറ്റ് താരത്തിന്‍റെ ഏകദിന കരിയറിലെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനവുമാണ്. ജയത്തോടെ മൂന്ന് ഏകദിനങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0ന് മുന്നിലെത്തി. 

Be the first to comment

Leave a Reply

Your email address will not be published.


*