ആറ് വിക്കറ്റുമായി ബുംറ; ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയ്ക്ക് 79 റണ്‍സ് വിജയലക്ഷ്യം

ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 79 റണ്‍സ് വിജയലക്ഷ്യം. രണ്ടാം ഇന്നിങ്സില്‍ ജസ്പ്രിത് ബുംറയുടെ ആറ് വിക്കറ്റ് പ്രകടനത്തില്‍ ദക്ഷിണാഫ്രിക്ക 176 റണ്‍സിന് പുറത്തായി.  എയ്‌ഡന്‍ മർക്രം (106) സെഞ്ചുറി നേടി. നാല് ദക്ഷിണാഫ്രിക്കന്‍ ബാറ്റർമാർ മാത്രമാണ് രണ്ടക്കം കടന്നത്. ബുംറയ്ക്ക് പുറമെ മുകേഷ് കുമാർ രണ്ടും സിറാജ്, പ്രസിദ്ധ് എന്നിവർ ഓരൊ വിക്കറ്റും നേടി.

രണ്ടാം ദിനം 62-3 എന്ന നിലയില്‍ മത്സരം പുനരാരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ ഓവറില്‍ തന്നെ ഡേവിഡ് ബെഡിങ്ഹാമിനെ (11) നഷ്ടമായി. കെ എല്‍ രാഹുലിന്റെ കൈകളിലെത്തിച്ച് ബുംറയാണ് ദക്ഷിണാഫ്രിക്കയുടെ ബാറ്റിങ് തകർച്ചയ്ക്ക് തുടക്കമിട്ടത്. കൈല്‍ വെറെയ്‌ന്‍ (9), മാർക്കൊ യാന്‍സണ്‍ (11), കേശവ് മഹരാജ് (3) എന്നിവരേയും മടക്കി ബുംറ അഞ്ച് വിക്കറ്റ് നേട്ടം തികച്ചു. കരിയറിലെ താരത്തിന്റെ ഒന്‍പതാം അഞ്ച് വിക്കറ്റ് പ്രകടനമാണിത്.

ഒരുവശത്ത് വിക്കറ്റുകള്‍ തുടർച്ചയായി പൊഴിയുമ്പോഴും ദക്ഷിണാഫ്രിക്കയ്ക്ക് ആശ്വാസമായി എയ്‌ഡന്‍ മർക്രം നിലയുറപ്പിച്ചു. മർക്രം 73ല്‍ നില്‍ക്കെ കെ എല്‍ രാഹുല്‍ അനായാസ ക്യാച്ച് വിട്ടുകളഞ്ഞത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. എട്ടാം വിക്കറ്റില്‍ കഗിസൊ റബാഡയുമായി ചേർന്ന് 51 റണ്‍സ് മാർക്രം ചേർത്തു. 103 പന്തില്‍ 106 റണ്‍സെടുത്ത മർക്രത്തിന്റെ മുഹമ്മദ് സിറാജാണ് പുറത്താക്കിയത്. മർക്രം വീണതിന് പിന്നാലെ റബാഡയെ പ്രസിദ്ധ് കൃഷ്ണയും പവലിയനിലേക്ക് മടക്കി. ലുങ്കി എന്‍ഗിഡിയുടെ വിക്കറ്റ് നേടി ബുംറയാണ് ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്സ് അവസാനിപ്പിച്ചത്.

 

Be the first to comment

Leave a Reply

Your email address will not be published.


*