ഉപതെരഞ്ഞെടുപ്പ്; പുതുപ്പള്ളിയിൽ 3,4,5,8 തീയതികളിൽ ഡ്രൈ ഡേയ്സ്

കോട്ടയം: ഉപതെരഞ്ഞെടുപ്പിന്റെ ഭാഗമായി ഈ മാസം 3,4,5,8 തീയതികളിൽ പുതുപ്പള്ളി നിയോജകമണ്ഡലത്തിന്റെ പരിധിയിൽ മദ്യനിരോധനം(ഡ്രൈ ഡേ) ഏർപ്പെടുത്തി സർക്കാർ ഉത്തരവായി. ഞായറാഴ്ച വൈകിട്ട് 6 മുതൽ പോളിങ് ദിനമായ സെപ്റ്റംബർ അഞ്ചിന് വൈകിട്ട് 6 വരെയും വോട്ടെണ്ണൽ ദിവസമായ സെപ്റ്റംബർ 8ന് പുലർച്ചെ 12 മുതൽ അർധരാത്രി 12 വരെയുമാണ് ഡ്രൈ ഡേ പ്രഖ്യാപിച്ചിട്ടുള്ളത്.

ഡ്രൈ ഡേ കാലയളവിൽ പുതുപ്പള്ളി നിയോജമണ്ഡലത്തിന്‍റെ പരിധിയിൽ ഹോട്ടൽ, ഭോജനശാലകൾ, മറ്റേതെങ്കിലും കടകൾ, പൊതു-സ്വകാര്യ സ്ഥലങ്ങൾ എന്നിവിടങ്ങളിൽ മദ്യമോ സമാനമായ വസ്തുക്കളോ വിൽക്കാനോ, നൽകാനോ വിതരണം ചെയ്യാനോ പാടില്ല. മദ്യക്കടകൾ, ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, ക്ലബുകൾ, തുടങ്ങി മദ്യം വിൽക്കുന്ന/വിളമ്പുന്ന മറ്റിടങ്ങളിൽ ഈ ദിവസങ്ങളിൽ ആർക്കും മദ്യം വിൽക്കാനോ വിളമ്പാനോ പാടില്ല. മദ്യം കൈവശം വയ്ക്കാനും വിതരണം ചെയ്യാനും പലവിഭാഗത്തിലുള്ള ലൈസൻസുകളുണ്ടെങ്കിലും ക്ലബുകൾ, സ്റ്റാർ ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ എന്നിവയ്ക്കും ഈ ദിവസങ്ങളിൽ മദ്യം നൽകാൻ അനുമതിയില്ല.

വ്യക്തികൾക്കു കൈവശം വയ്ക്കാവുന്ന മദ്യത്തിന്‍റെ അളവ് ഈ കാലയളവിൽ വെട്ടിക്കുറയ്ക്കുന്നതും ലൈസൻസില്ലാതെ മദ്യം സൂക്ഷിക്കുന്നതിനെതിരേയുള്ള എക്‌സൈസ് നിയമത്തിലെ നിയന്ത്രണങ്ങൾ ശക്തമായി നടപ്പാക്കുന്നതുമാണെന്ന് സർക്കാർ ഉത്തരവിൽ വ്യക്തമാക്കി.

Be the first to comment

Leave a Reply

Your email address will not be published.


*