
കൊച്ചി: മെട്രോയിൽ കയറി ആരാധകർക്കൊപ്പം സെൽഫിയെടുത്ത് സംഗീത സംവിധായകൻ എ. ആർ റഹ്മാൻ. ‘ആടുജീവിതം’ എന്ന ചിത്രത്തിന്റെ വെബ്‌സൈറ്റ് ലോഞ്ചിനായി കൊച്ചിയിലെത്തിയ വേളയിലാണ് റഹ്മാനും സംവിധായകൻ ബ്ലെസിയും ചിത്രത്തിന്റെ അണിയറപ്രവർത്തകരും ചേർന്ന് കൊച്ചി മെട്രോയിൽ കയറിയത്. കൂടെ സെൽഫി എടുക്കാൻ താല്പര്യം പ്രകടിപ്പിച്ചആരാധകർക്കൊപ്പം സെൽഫി എടുക്കാനും റഹ്മാൻ മടിച്ചില്ല. മാർച്ച് 10-ന് അങ്കമാലി ആഡ്ലക്സ് കൺവെൻഷൻ സെന്ററിൽ വച്ച് ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് നടക്കുമെന്നും റഹ്മാൻ നേരത്തെ വെബ്സൈറ്റ് ലോഞ്ച് വേളയിൽ അറിയിച്ചിരുന്നു.
മാർച്ച് 28-ന് ആടുജീവിതം തീയറ്ററുകളിലെത്തും. മലയാളത്തിൽ ഇന്നും ബെസ്റ്റ്‌സെല്ലറുകളിൽ ഒന്നായ ബെന്യമിന്റെ ‘ആടുജീവിതം’ നോവലിനെ അടിസ്ഥാനമാക്കി ബ്ലെസി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നജീബ് എന്ന നായകകഥാപാത്രമായിട്ടാണ് പൃഥ്വിരാജ് എത്തുന്നത്. മരുഭൂമിയിൽ ഒറ്റപ്പെട്ട നജീബ് ആവുന്നതിന് പൃഥ്വിരാജ് നടത്തിയ ശാരീരിക മാറ്റങ്ങൾ ഏവരെയും ഞെട്ടിക്കുന്നതായിരുന്നു.
2008 ൽ പ്രാരംഭ വർക്കുകൾ ആരംഭിച്ച ആടുജീവിതം വർഷങ്ങളുടെ തയ്യാറെടുപ്പുകൾക്കൊടുവിൽ 2018 ലായിരുന്നു ചിത്രീകരണം ആരംഭിച്ചത്. ഏറ്റവുമധികം നാളുകൾ നീണ്ടുപോയ ചിത്രത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ വർഷം ജൂലൈ 14നാണ് പൂർത്തിയായത്. ജോർദാനിലായിരുന്നു ചിത്രത്തിന്റെ മുഖ്യ പങ്കും ഷൂട്ട് ചെയ്തത്.
Be the first to comment