‘ഒരു രൂപ പോലും എടുക്കില്ല, ഒപ്പം നിന്നാല്‍ കടം വീട്ടാന്‍ തയ്യാര്‍’; വായപക്കാരോട് ബൈജു രവീന്ദ്രന്‍

ന്യൂഡൽഹി: എഡ് ടെക് സ്ഥാപനമായ ബൈജൂസിനെതിരായ പാപ്പരത്ത നടപടി തുടർന്നാൽ വായ്‌പക്കാർക്ക് പണം തിരികെ നല്‍കാനാവില്ലെന്ന് സ്ഥാപകൻ ബൈജു രവീന്ദ്രൻ. തന്നോടൊപ്പം പ്രവർത്തിക്കാൻ തയ്യാറാണെങ്കിൽ മുഴുവൻ പണവും തിരികെ നൽകാൻ തയ്യാറാണെന്നും ബൈജു രവീന്ദ്രന്‍  പറഞ്ഞു.

‘അവർ എന്നോടൊത്ത് പ്രവർത്തിക്കാൻ തയ്യാറാണെങ്കിൽ, ഞാൻ ഒരു രൂപ പോലും എടുക്കുന്നതിന് മുമ്പ് അവരുടെ കടം വീട്ടാന്‍ തയ്യാറാണ്. ഞങ്ങൾ ഇതിനകം 140 മില്യൺ ഡോളർ നൽകി. എന്നാൽ മുഴുവന്‍ തുകയായ 1.2 ബില്യൺ യുഎസ് ഡോളറാണ് അവർ ആവശ്യപ്പെടുന്നത്. വളരെക്കാലമായി ഞങ്ങൾക്ക് അത് തിരികെ നൽകാന്‍ കഴിയുന്നില്ല. പണം നല്‍കിയവരില്‍ ഭൂരിഭാഗം പേര്‍ക്കും ഇത് സെറ്റില്‍ ചെയ്യാനാണ് താത്പര്യം. ഒന്നോ രണ്ടോ പേർ അതിൽ നിന്നും വലിയ തുക പ്രതീക്ഷിക്കുന്നു.’- ബൈജു രവീന്ദ്രൻ പറഞ്ഞു.

സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമായ ബൈജൂസ് നിലവില്‍ പാപ്പരത്വ നടപടികള്‍ നേരിടുകയാണ്. ബിസിസിഐ തങ്ങളുടെ 158.9 കോടി രൂപ കുടിശ്ശിക തിരിച്ചുപിടിക്കാൻ എൻസിഎൽഎടിയെ (NCLAT) സമീപിച്ചതിനെ തുടർന്നാണ് പാപ്പരത്ത നടപടികള്‍ ആരംഭിച്ചത്. മുഴുവൻ കുടിശ്ശികയും അടച്ചതിന് ശേഷം കമ്പനി ബിസിസിഐയുമായുള്ള തർക്കം പരിഹരിക്കുകയായിരുന്നു. തുടർന്ന് എൻസിഎൽഎടി പാപ്പരത്വ നടപടികൾ പിൻവലിച്ചിരുന്നു. എന്നാല്‍ ഈ ഉത്തരവിനെ യുഎസ് വായ്‌പക്കാർ സുപ്രീം കോടതിയിൽ ചോദ്യം ചെയ്‌തു. തുടര്‍ന്നാണ് ബൈജൂസിനെതിരെ പാപ്പരത്ത നടപടികൾ എൻസിഎൽഎടി വീണ്ടും ആരംഭിച്ചത്.

യുഎസ് ആസ്ഥാനമായുള്ള ലെൻഡർമാരിൽ നിന്ന് 1.2 ബില്യൺ ഡോളര്‍ ടേം ലോണാണ് ബൈജൂസ് സമാഹരിച്ചത്. പേയ്‌മെന്‍റുകകളിൽ ബൈജൂസ് വീഴ്ച വരുത്തിയതായി കാട്ടി വായ്പ്പക്കാര്‍ ഡെലവെയർ കോർട്ട് ഓഫ് ചാൻസറിയെ സമീപിക്കുകയും കടം വാങ്ങിയ 1.2 ബില്യണ്‍ ഡോളര്‍ നേരത്തെ അടയ്ക്കാൻ കടക്കാര്‍ ആവശ്യപ്പെടുകയുമായിരുന്നു.

അഡ്‌മിനിസ്‌ട്രേറ്റീവ് ഏജന്‍റായ ഗ്ലാസ് ട്രസ്റ്റ് മുഖേന യുഎസ് ലെന്‍ഡേഴ്‌സ് ഇന്ത്യൻ കോടതിയെയും സമീപിച്ചു. 1.35 ബില്യൺ ഡോളര്‍ കുടിശ്ശികയുണ്ടെന്നാണ് സുപ്രീം കോടതിയില്‍ വായ്‌പക്കാര്‍ അറിയിച്ചത്. അതേസമയം, റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ അനുമതി കൂടി ആവശ്യമായതിനാൽ യുഎസ് വായ്‌പക്കാരിൽ നിന്ന് സ്വരൂപിച്ച പണമൊന്നും ഇന്ത്യയിലേക്ക് വന്നിട്ടില്ലെന്ന് ബൈജു രവീന്ദ്രൻ പറയുന്നു.

കമ്പനിയ്‌ക്കെതിരെ കേസ് കൊടുത്ത ചില വായ്‌പക്കാരെയും ബൈജു രവീന്ദ്രന്‍ വിമര്‍ശിച്ചു. ദുരിതത്തിൽ നിന്ന് പണം സമ്പാദിക്കുക എന്നത് അവരുടെ ബിസിനസ് മോഡലായതിനാൽ ബിസിനസിലെ ഓഹരി ഉടമകളെ അവർ കാര്യമാക്കില്ലെന്നും ബൈജു രവീന്ദ്രന്‍ പറഞ്ഞു.

എല്ലാ ഇടപാടുകളും മുൻനിര നിക്ഷേപകർ ഉൾപ്പെട്ട ബൈജൂസിന്‍റെ ബോർഡ് അംഗീകരിച്ചതായും ബൈജു രവീന്ദ്രൻ പറഞ്ഞു. ഗ്ലാസ് ട്രസ്റ്റ് ഡെലവെയർ കോടതിയിൽ കേസ് ഫയൽ ചെയ്‌തതിന് പിന്നാലെ, വായ്‌പ തിരിച്ചടയ്ക്കേണ്ട ബാധ്യത തങ്ങളുടെ മേല്‍ വരുമെന്ന് കരുതിയാണ് ചില നിക്ഷേപകർ ബോർഡിൽ നിന്ന് രാജിവച്ചതെന്നും അദ്ദേഹം പറഞ്ഞു.

മാനേജർമാർ മാത്രമാണ് കമ്പനി വിട്ടതെന്നും ബൈജൂസിന്‍റെ ആറ് ഉടമകളിൽ അഞ്ച് പേരും ഇപ്പോഴും സ്ഥാപനത്തിനൊപ്പമുണ്ടെന്നും ബൈജു രവീന്ദ്രന്‍ വ്യക്തമാക്കി. പാപ്പരത്ത പ്രശ്‌നം പരിഹരിച്ച് വലിയ തിരിച്ചുവരവ് നടത്താനാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കമ്പനിയുടെ മൂല്യം ഉയരുന്നത് കാണുമ്പോൾ നിക്ഷേപകർ തിരിച്ചുവരുമെന്നും അദ്ദേഹം പറഞ്ഞു.

സാമ്പത്തിക പ്രതിസന്ധിയുടെ നടുവിലും ഞങ്ങളുടെ പ്ലാറ്റ്‌ഫോമിലേക്ക് 200 ദശലക്ഷം കുട്ടികൾ വരുന്നുണ്ട്. വ്യവഹാരത്തിന്‍റെ ഫലം എന്ത് തന്നെയായാലും ഞാൻ പഠിപ്പിക്കുന്നത് തുടരും. വിദ്യാർത്ഥികളെ പഠിപ്പിക്കുന്നതിൽ നിന്ന് തന്നെ ആർക്കും തടയാനാകില്ലെന്നും ബൈജു രവീന്ദ്രൻ പറഞ്ഞു.

 

Be the first to comment

Leave a Reply

Your email address will not be published.


*