സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറിയായി സി.എൻ മോഹനൻ തുടരും

സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറിയായി സി എൻ മോഹനൻ തുടരും. പത്ത് പുതുമുഖങ്ങൾ ഉൾപ്പെടുത്തി 46 അംഗ ജില്ലാ കമ്മിറ്റിയേയും പ്രഖ്യാപിച്ചു. കൂത്താട്ടുകുളം നഗരസഭ കൗൺസിലർ കലാരാജുവിനെ തട്ടിക്കൊണ്ടുപോയതിൽ പാർട്ടിക്ക് വീഴ്ചയില്ലെന്ന് സിപിഐഎം എറണാകുളം ജില്ലാ സമ്മേളന വിലയിരുത്തൽ. പാർട്ടിയെ ഒറ്റു കൊടുക്കുന്നവരോട് സമരസപ്പെടേണ്ടതില്ല എന്നാണ് നിലപാട്. സിപിഐക്കെതിരെ അതിരൂക്ഷ വിമർശനം സമ്മേളന പ്രതിനിധികൾ ഉന്നയിച്ചു.

സ്വന്തം കൗൺസിലറെ തട്ടിക്കൊണ്ടു പോയതിൽ തെറ്റില്ലെന്നാണ് സമ്മേളന പ്രതിനിധികൾ ഒരേ സ്വരത്തിൽ പറഞ്ഞത്. കൂത്താട്ടുകുളം ഏരിയ കമ്മിറ്റിക്ക് വീഴ്ച സംഭവിച്ചിട്ടില്ല. പാർട്ടിയെ പിന്നോട്ട് അടിക്കാൻ ശ്രമിക്കുന്നവർക്കെതിരെ ഇത്തരത്തിൽ ശക്തമായ നിലപാട് സ്വീകരിക്കണമെന്നും ആവശ്യം. ജില്ലയിലെ നേതാക്കൾക്ക് പലർക്കും ഫോൺമാനിയ എന്നും പ്രതിനിധികൾ പരിഹസിച്ചു. താടിയും മീശയും വടിക്കുന്നത് പോലും വാർത്തയാക്കുന്നത് കമ്മ്യൂണിസ്റ്റ് രീതിയില്ലെന്നായിരുന്നു വിമർശനം.

ഘടകകക്ഷിയായ സിപിഐക്കെതിരെയും അതിരൂക്ഷ വിമർശനം ഉയർന്നു. പലപ്പോഴും സിപിഐ നല്ലപിള്ള ചമയാൻ ശ്രമിക്കുന്നു. മാധ്യമങ്ങൾ സൃഷ്ടിക്കുന്ന പൊതുബോധത്തിന് ഒപ്പം സഞ്ചരിക്കുന്ന നിലപാട് ശരിയല്ലെന്നും പ്രതിനിധികൾ കുറ്റപ്പെടുത്തി. മൂന്നു ദിവസം നീണ്ടുനിന്ന എറണാകുളം ജില്ലാ സമ്മേളനം ഇന്ന് അവസാനിക്കും.

Be the first to comment

Leave a Reply

Your email address will not be published.


*