കേന്ദ്ര സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം രാജിവച്ച് സി രാധാകൃഷ്ണന്‍

കേന്ദ്ര സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം രാജിവച്ച് സി രാധാകൃഷ്ണന്‍. അക്കാദമി ഫെസ്റ്റിവല്‍ ഇത്തവണ കേന്ദ്ര മന്ത്രി ഉദ്ഘാടനം ചെയ്തതില്‍ പ്രതിഷേധിച്ചാണ് രാജി. അക്കാദമി സെക്രട്ടറിയ്ക്കയച്ച രാജിക്കത്തില്‍ ഇക്കാര്യം രാധാകൃഷ്ണന്‍ വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമി ഇന്ത്യയിലെ മുതിര്‍ന്ന സാഹിത്യകാരന്‍മാര്‍ക്ക് നല്‍കുന്ന സുപ്രധാന അംഗീകാരമാണ് ‘വിശിഷ്ടാംഗത്വം’. 2022 ഡിസംബര്‍ 22 നാണ് സി രാധാകൃഷ്ണന് വിശിഷ്ടാംഗത്വം ലഭിച്ചത്.”സാഹിത്യവുമായി യാതൊരു ബന്ധവുമില്ലാത്ത കേന്ദ്ര മന്ത്രി ഇത്തവണത്തെ അക്കാദമി ഫെസ്റ്റിവല്‍ ഉദ്ഘാടനം ചെയ്തതില്‍ ശക്തമായി പ്രതിഷേധിക്കുന്നു.

ഉദ്ഘാടകൻ്റെ പേര് ഫെസ്റ്റിവല്‍ പ്രോഗ്രാം ബ്രോഷറില്‍ നല്‍കിയിരുന്നില്ല. ഉദ്ഘാടകൻ്റെ പേരുള്‍പ്പെടുത്തിയുള്ള ക്ഷണക്കത്ത് പ്രത്യേകമായി പിന്നീടാണ് പുറത്തുവിട്ടത്. പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപനം അദ്ദേഹത്തിൻ്റെ പങ്കാളിത്വത്തെ ബാധിക്കില്ലെന്ന് ഉറപ്പ് ലഭിക്കുന്നതുവരെ കാത്തിരുന്നത് വിചിത്രമായ കാര്യമാണ്,” രാധാകൃഷ്ണന്‍ രാജിക്കത്തില്‍ പറയുന്നു.”രാഷ്ട്രീയ സ്വാധീനങ്ങള്‍ക്ക് വഴങ്ങാതെയുള്ള അക്കാദമിയുടെ ദീർഘകാല ചരിത്രത്തില്‍ ഇത്തരമൊരു സംഭവം ആദ്യമാണ്.

കഴിഞ്ഞ വർഷം ഒരു സംസ്ഥാന മന്ത്രി ഉദ്ഘാടനത്തില്‍ പങ്കെടുത്തുവെന്നത് ശരിയാണ്. അത് വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായി. ഇത്തരമൊന്ന് ഇനി ആവർത്തിക്കില്ലെന്ന് അധികൃതർ ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു. അഞ്ച് വർഷം അക്കാദമിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമായിരിക്കെ രാഷ്ട്രീയ സ്വാധീനങ്ങള്‍ക്കെതിരെ ഞാന്‍ നടത്തിയ സന്ധിയില്ലാത്ത പോരാട്ടങ്ങള്‍ നിങ്ങള്‍ ഓർക്കുന്നുണ്ടാകും,” രാധാകൃഷ്ണന്‍ കൂട്ടിച്ചേർത്തു. ഞാന്‍ ഒരു രാഷ്ട്രീയ പാർട്ടികള്‍ക്കും എതിരല്ല. അക്കാദമിയുടെ സ്വതന്ത്രമായ ഭരണത്തെ രാഷ്ട്രീയവല്‍ക്കരിക്കാനുള്ള നീക്കങ്ങള്‍ക്കെതിരെയാണ് എൻ്റെ പ്രതിഷേധം. മറ്റ് രണ്ട് അക്കാദമികളുടേയും ഭരണം വളരെക്കാലം മുന്‍പ് തന്നെ കവർന്നെടുത്ത കാര്യം നിങ്ങള്‍ക്കറിയാമല്ലോ.

ഈ അക്കാദമിയും അത്തരമൊരു പാതിയിലേക്ക് നീങ്ങുകയാണെന്ന കാര്യം ചെറുപ്പക്കാരും മുതിർന്നവരുമായ എൻ്റെ സഹ എഴുത്തുകാർ മനസിലാക്കുമെന്ന് കരുതുന്നു,” രാധാകൃഷ്ണന്‍ വ്യക്തമാക്കി.”അക്കാദമിയുടെ സ്ഥാപകന്മാർ സ്ഥാപനത്തിൻ്റെ സ്വയംഭരണത്തെ കവർച്ച ചെയ്യുന്ന ശ്രമങ്ങളെ ചെറുക്കാന്‍ പ്രാപ്തമായിട്ടുള്ള ഒരു ഭരണഘടനയാണ് തയാറാക്കിയിട്ടുള്ളത്. എന്നാല്‍ രാഷ്ട്രീയ നേതാക്കള്‍ ഈ ഭരണഘടന മാറ്റിഎഴുതാനുള്ള സാധ്യതകള്‍ വരെയുണ്ടെന്നാണ് റിപ്പോർട്ടുകള്‍. രാജ്യത്തെ ഏറ്റവും അവസാനത്തെ ജനാധിപത്യ സ്വയംഭരണ സ്ഥാപനത്തിൻ്റെ ശവസംസ്കാരം നിശബ്ദമായി നിന്ന് വീക്ഷിക്കാന്‍ എനിക്ക് സാധിക്കില്ല, ക്ഷമിക്കണം,” രാധാകൃഷ്ണന്‍ രാജിക്കത്തില്‍ വ്യക്തമാക്കുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*